ന്യൂഡൽഹി: 2014-ൽ ഒന്നാം മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് മുതൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി പ്രതിപക്ഷത്തെ എം.പി.മാരും എം.എൽ.എ.മാരും മറ്റു നേതാക്കളുമെല്ലാം ബി.ജെ.പി.യിലേക്കെത്തിയ ഒട്ടേറെ സംഭവങ്ങളുണ്ടായി. ‘ഓപ്പറേഷൻ താമര’ എന്ന് രാഷ്ട്രീയനിരീക്ഷകർ വിളിക്കുന്ന ബി.ജെ.പി.യുടെ ഇത്തരം നീക്കങ്ങൾ പലപ്പോഴും നടന്നുകഴിഞ്ഞാണ് ലോകമറിയുക, അതിനുമുൻപ് ഒരു സൂചനപോലും ലഭിച്ചെന്നു വരില്ല.

To advertise here,

ഏറ്റവുമൊടുവിൽ ആം ആദ്മി പാർട്ടിയുടെ ഏഴ്‌ രാജ്യസഭാംഗങ്ങൾ ബി.ജെ.പി.യിലേക്ക് കൂറുമാറിയപ്പോൾ രാഷ്ട്രീയലോകം ഞെട്ടാൻ കാരണം, ഇതിൽ ചിലരുടെകാര്യത്തിൽ മാത്രമേ നേരത്തേ സൂചനയുണ്ടായിരുന്നുള്ളൂ എന്നതാണ്.

പ്രതിപക്ഷ ജനപ്രതിനിധികളെ സ്വന്തം പാളയത്തെത്തിക്കാൻ പലതരം മാർഗങ്ങളാണ് ബി.ജെ.പി. സ്വീകരിച്ചുവരുന്നത്. രാജിവെപ്പിച്ചും സഭയിലെ വോട്ടെടുപ്പിൽ വിട്ടുനിന്നും ബി.ജെ.പി.യിൽ ലയിച്ചുമെല്ലാം കൂറുമാറ്റം അരങ്ങേറി. ഇപ്പോൾ ഏഴ് ആം ആദ്മി എം.പി.മാർ പാർട്ടിയിൽനിന്ന് രാജിവെച്ച് ബി.ജെ.പി.യിൽ ‘ലയിക്കു’കയായിരുന്നു.

മധ്യപ്രദേശ്

2020 മാർച്ചിൽ മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ മറിച്ചിടാൻ കോൺഗ്രസിന്റെ 22 എം.എൽ.എ.മാർ രാജിവെക്കുകയാണ് ചെയ്തത്. ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥ് സർക്കാർ വീണു. വിശ്വാസവോട്ട് തേടാൻ സുപ്രീംകോടതി നിർദേശിച്ചെങ്കിലും വോട്ടെടുപ്പു ദിവസം കമൽനാഥ് രാജിവെച്ചു; ശിവരാജ് സിങ് ചൗഹാന്റെ ബി.ജെ.പി. സർക്കാർ അധികാരത്തിലേറി.

മണിപ്പുർ

2020-ൽതന്നെ മണിപ്പൂരിൽ ബിരേൻ സിങ്ങിന്റെ ബി.ജെ.പി. സർക്കാരിനെതിരേ കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നപ്പോൾ ഉണ്ടായത് മറ്റൊന്ന്. പാർട്ടി വിപ്പ് ലംഘിച്ച് എട്ട് കോൺഗ്രസ് എം.എൽ.എ.മാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ ബി.ജെ.പി. സർക്കാരിന് തുടരാൻ തടസ്സമില്ലാതായി.

മഹാരാഷ്ട്ര

2022-ൽ മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയുടെ ശിവസേനയിലെ 55 എം.എൽ.എ.മാരിൽ 40 പേരെയും പിളർത്തി ഏക്‌നാഥ് ഷിന്ദേ എൻ.ഡി.എ.യ്‌ക്കൊപ്പം ചേർന്നു. 19 ശിവസേന എം.പി.മാരിൽ 12 പേരും ഇതിനൊപ്പം പോന്നു.

വീണ്ടും 2023-ൽ മഹാരാഷ്ട്രയിൽ എൻ.സി.പി.യെ പിളർത്തി അജിത് പവാർ വിഭാഗം ഏക്‌നാഥ് ഷിന്ദേയുടെ എൻ.ഡി.എ. സർക്കാരിന്റെ ഭാഗമായി. അജിത് പവാർ ഉപമുഖ്യമന്ത്രിയായി.

ആന്ധ്രാപ്രദേശ്

2019-ൽ ആന്ധ്രാപ്രദേശിൽ ടി.ഡി.പി.യുടെ ആറ് രാജ്യസഭാംഗങ്ങളിൽ നാലുപേരും ബി.ജെ.പി.യിലേക്ക് കളംമാറി. അവിടെയും പിളർന്നവർ മൂന്നിൽ രണ്ടുള്ളതിനാൽ കൂറുമാറ്റം ബാധകമായില്ല.

ഗോവ

പലകുറിയാണ് ഗോവയിൽ ഇത്തരം ലയനങ്ങൾ നടന്നത്. 2019-ൽ 15 കോൺഗ്രസ് എം.എൽ.എ.മാരിൽ പത്ത് പേർ ബി.ജെ.പി.യിലേക്ക് കൂടുമാറി. 2022-ൽ ‌എട്ട് കോൺഗ്രസ് എം.എൽ.എ.മാർകൂടി ബി.ജെ.പി.യിലെത്തി.

അരുണാചൽ പ്രദേശ്

2016-ൽ അരുണാചലിൽ നടന്നത് മറ്റൊന്ന്. 44 കോൺഗ്രസ് എം.എൽ.എ.മാരിൽ 43 പേരും മുഖ്യമന്ത്രി പേമാ ഖണ്ഡുവിന്റെ നേതൃത്വത്തിൽ എൻ.ഡി.എ. സഖ്യകക്ഷിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ചേർന്നു. രണ്ട് മാസത്തിനുശേഷം പേമാ ഖണ്ഡുതന്നെ ഇതിനെ പിളർത്തി 32 എം.എൽ.എ.മാരുമായി ബി.ജെ.പി.യിലേക്ക് പോയി.

സിക്കിം

2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റതോടെ സിക്കിമിലെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ 13 എം.എൽ.എ.മാരിൽ പത്തുപേരും ബി.ജെ.പി.യിൽ ചേർന്നു. ഇതോടെ, നേരത്തേ ഒരംഗംപേലുമില്ലാതിരുന്ന ബി.ജെ.പി.ക്ക് സിക്കിം ക്രാന്തികാരി മോർച്ച ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമാകാനായി.