ബെംഗളൂരു: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു മുന്‍സിപ്പല്‍ കോപറേഷന്‍. കര്‍ണാടകത്തില്‍ രാജ്യത്ത് ആദ്യമായി രണ്ടുപേരില്‍ കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍ (ബി 1.1.529) സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇക്കാര്യം പുറത്ത് വന്നത്. വിദേശികളുടെ ബെംഗളൂരുവിലെ വിലാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രിയും സ്ഥിരീകരിച്ചു. 

To advertise here,

വിദേശികളെ കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണെന്ന് ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ട്രാക്കിങ് ഒരു തുടര്‍ പ്രക്രിയ ആണെന്നും തങ്ങള്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ വിളിച്ചിട്ട് പ്രതികരണമില്ലെങ്കില്‍ അവരെ കണ്ടെത്താന്‍ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ അവിടെനിന്ന് 57 യാത്രക്കാരാണ് ബെംഗളൂരുവില്‍ എത്തിയതെന്നും ഈ 57 പേരില്‍ 10 പേരുടെ വിലാസം കണ്ടെത്താന്‍ ബെംഗളൂരു മുന്‍സിപ്പല്‍ കോർപറേഷന് സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ.സുധാകര്‍ പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണെന്നും വിലാസം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കര്‍ണാടകത്തില്‍ രണ്ട് പുരുഷന്മാരിലാണ് രാജ്യത്ത് ആദ്യമായി കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 66-ഉം 46-ഉം പ്രായക്കാരായ ഇവര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വൈറസ് വകഭേദം കണ്ടെത്തിയ നാല്പത്തിയാറുകാരന്‍ ബെംഗളൂരു സ്വദേശിയായ ഡോക്ടറാണ്. 

ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍ ദക്ഷിണാഫ്രിക്കന്‍ പൗരനാണ്. അറുപത്തിയാറുകാരനായ ഇദ്ദേഹം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ഇന്ത്യയിലെത്തിയത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഐസൊലേഷന്‌ നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുശേഷം സ്വകാര്യ ലാബില്‍നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായെത്തിയ ഇദ്ദേഹം ദുബായിലേക്ക് പോയതായും അധികൃതര്‍ അറിയിച്ചു.

Content Highlights: Omicron scare; 10 foreigners from African countries go untraceable in Bengaluru