ഭുവനേശ്വർ: ഒഡീഷയിൽ ആചാരങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചെന്നാരോപിച്ച് ദമ്പതിമാർക്ക് ശിക്ഷ നൽകി ​ഗ്രാമവാസികൾ. റായ​ഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ​​ഗ്രാമത്തിലാണ് സംഭവം. കാളകൾക്ക് പകരം നുകത്തിൽകെട്ടി നിലം ഉഴുതുമറിച്ചാണ് ദമ്പതിമാരെ ​ഗ്രാമവാസികൾ ശിക്ഷിച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേസെടുക്കാനൊരുങ്ങുകയാണ് പോലീസ്. 

To advertise here,

ദേശീയമാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ദമ്പതിമാർ ഇരുവരും കാഞ്ചമജ്ഹിര സ്വദേശിനിലംകളാണ്. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തത്. സ്ത്രീയുടെ പിതൃസഹോദരിയുടെ മകനുമായുള്ള വിവാഹത്തിൽ ​ഗ്രാമവാസികളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രാദേശിക ആചാരങ്ങൾപ്രകാരം അത്തരം വിവാഹം നിഷിദ്ധമായാണ് കണക്കാക്കപ്പെടുന്നത്. 

വിവാഹത്തിന് ശിക്ഷയെന്നോണം മരത്തടിയാൽ നിർമിച്ച നുകത്തിൽ ആദ്യം ദമ്പതിമാരെ കെട്ടിയിട്ടു. നിലം ഉഴുതുമറിക്കുന്നതിനിടെ ദമ്പതിമാരെ രണ്ടുപേർ ചേർന്ന് വടി കൊണ്ട് അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ​ഗ്രാമവാസികളിൽ ഭൂരിഭാ​ഗവും ഇത് കണ്ടുനിന്നെങ്കിലും ആരും തടഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. നിലം ഉഴുതുമറിച്ചതിനുശേഷം ദമ്പതിമാരെ ക്ഷേത്രത്തിലെത്തിച്ച് ചെയ്ത പാപത്തിന് പരിഹാരമായുളള പൂജകളും ​ഗ്രാമവാസികൾ നടത്തിയതായും റിപ്പോർട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായും ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് അറിയിച്ചു.