ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്ന ഒരു നിയമനിര്‍മാണവും ആലോചനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേന്ദ്ര ഫിഷറീസ്,മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി എസ് പി സിങ് ബാഗേലാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

ലോക്‌സഭയില്‍ മുതിര്‍ന്ന ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്തിന്റെ ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. ഭരണഘടനാ പ്രകാരം മൃഗങ്ങളുടെ സംരക്ഷണം എന്നത് സംസ്ഥാന നിയമസഭയ്ക്ക് നിയമനിര്‍മ്മാണം നടത്താന്‍ പൂര്‍ണ്ണമായ അധികാരമുള്ള വിഷയമാണെന്നും മന്ത്രി അറിയിച്ചു.

പശുക്കളുടെ സംരക്ഷണം, പരിപാലനം എന്നിവയ്ക്കായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഏറ്റെടുക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി, കേന്ദ്ര സര്‍ക്കാര്‍ 2014 ഡിസംബര്‍ മുതല്‍ രാഷ്ട്രീയ ഗോകുല്‍ മിഷന്‍ നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.

2024-ലെ രാജ്യത്തെ മൊത്തം പാല്‍ ഉത്പാദനം 239.30 ദശലക്ഷം ടണ്‍ ആണെന്നും ഇതില്‍ പശുവിന്‍ പാല്‍ 53.12 ശതമാനവും എരുമപ്പാല്‍ 43.62 ശതമാനവും ആണെന്ന് ബാഗേല്‍ ലോക്‌സഭയെ അറിയിച്ചു.