ഇംഫാല്‍: മണിപ്പുരില്‍ ബി.ജെ.പി സര്‍ക്കാരിന് തിരിച്ചടി. എന്‍. ബിരേന്‍ സിങ് നയിക്കുന്ന ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെ.ഡി.യു പിന്‍വലിച്ചു. അതേസമയം ജെ.ഡി.യു എന്‍.ഡി.എ സഖ്യത്തില്‍ തന്നെ തുടരുമെന്ന് പാര്‍ട്ടി ദേശീയ വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് വ്യക്തമാക്കി. പാര്‍ട്ടി മണിപ്പുര്‍ ഘടകത്തിന്റെ നീക്കം ദേശീയ നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുമല്ല. മണിപ്പുര്‍ സംസ്ഥാന പ്രസിഡന്റിന്റെ നീക്കം ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജെ.ഡി.യു മണിപ്പുര്‍ സംസ്ഥാന പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും രാജീവ് രഞ്ജന്‍ പ്രസാദ് വ്യക്തമാക്കി.

To advertise here,

നിതീഷ് കുമാര്‍ അധ്യക്ഷനായ ജെ.ഡി.യുവിന് മണിപ്പുര്‍ നിയമസഭയില്‍ ഒരംഗമാണുള്ളത്. പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിനെ നേരിട്ട് ബാധിക്കില്ലെങ്കിലും ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു നിര്‍ണായക സമയത്ത് പിന്തുണ പിന്‍വലിച്ചത് കേന്ദ്ര സര്‍ക്കാരിനുമുള്ള മുന്നറിയിപ്പാണെന്നാണ് സൂചന.

കോണ്‍റാഡ് സാഗ്മ അധ്യക്ഷനായുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നേരത്തെ മണിപ്പുര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. 2022 നിയമസഭ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് മണിപ്പൂരില്‍ 6 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അഞ്ച് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ ജെ.ഡി.യുവിന് ഒരു എം.എല്‍.എ മാത്രമായി മാറി. 

നിലവില്‍ 60 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 37 എം.എല്‍.എമാരാണുള്ളത്. ഇതിനൊപ്പം നാഗാ പീപ്പിള്‍സ് പാര്‍ട്ടിയുടെ അഞ്ച് എം.എല്‍.എമാരും 3 സ്വതന്ത്രരും ബി.ജെ.പി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു.

നിലവില്‍ ജെ.ഡി.യുവിന് 12 എം.പിമാരാണ് ലോക്‌സഭയിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക സഖ്യകക്ഷികളില്‍ ഒന്നുമാണ് ജെ.ഡിയു.