ശ്രീനഗര്‍: ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന് തീര്‍ഥാടകരുടെ ബസിന് നേര്‍ക്ക് ഭീകരവാദികള്‍ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയതെന്ന് എന്‍.ഐ.എ. വ്യക്തമാക്കി. 

To advertise here,

മേഖലയില്‍ ഭീകരവാദികള്‍ക്ക് സഹായം നല്‍കിയിരുന്ന ഹകാം ഖാന്‍ എന്നയാളെ ജൂണ്‍ 19-ന് ജമ്മു കശ്മിര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകരവാദികള്‍ക്ക് സുരക്ഷിതയിടവും ഭക്ഷണം ഉള്‍പ്പെടെയുള്ളവയും ഹകാം ലഭ്യമാക്കിയിരുന്നെന്ന് എന്‍.ഐ.എ. കൂട്ടിച്ചേര്‍ത്തു. 

പരിശോധനയില്‍ ഭീകരവാദികളുമായി ബന്ധപ്പെട്ട പലവസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഭീകരാക്രമണ ഗൂഢാലോചനയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടി ഇവ പരിശോധിച്ചുവരികയാണ്. 

ജൂണ്‍ ഒന്‍പതിന് കത്രയിലേക്ക് പുറപ്പെട്ട തീര്‍ഥാടകരുടെ ബസിന് നേര്‍ക്ക് ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു ഭൂരിഭാഗം തീര്‍ഥാടകരും. ഇവര്‍ ശിവ് ഖോരി ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയിലായിരുന്നു.