ന്യൂഡൽഹി: ഈമാസം 18-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ലോക്സഭാ ജീവനക്കാരെത്തുക പുതിയ വേഷത്തിൽ. പഴയ സഫാരി സ്യൂട്ടിനുപകരം ചൈനീസ് കോളറോടുകൂടിയ ഷർട്ടും ഓവർക്കോട്ടും ചേർന്ന യൂണിഫോം തയ്യാറായിട്ടുണ്ട്.
ക്രീംനിറത്തിലെ തുണിയിൽ പിങ്ക് നിറത്തിൽ ചെറുതാമരപ്പൂക്കളുടെ പ്രിന്റുള്ള ചൈനീസ് കോളർ ഷർട്ടാണ് ഹൗസ് ഓഫീസർമാർക്ക് വരുന്നത്. ഇതിനുപുറത്ത് പിങ്ക് നിറത്തിലുള്ള മുറിക്കൈയൻ ഓവർക്കോട്ട്. കാക്കി പാന്റുമുണ്ടാകും. യൂണിഫോമിലും ബി.ജെ.പി. ചിഹ്നമായ താമര ഉൾപ്പെടുത്തിയതിനെതിരേ കോൺഗ്രസ് രൂക്ഷവിമർശനമുയർത്തി.
പാർലമെന്റിനകത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രത്യേക യൂണിഫോമുണ്ടാകും. നിലവിൽ ഇവർക്ക് നീലനിറത്തിലെ സഫാരി സ്യൂട്ടാണുള്ളത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് പുതിയ യൂണിഫോം രൂപകല്പനചെയ്തതെന്നാണ് റിപ്പോർട്ടുകൾ. വനിതാജീവനക്കാർക്ക് പ്രത്യേകം രൂപകല്പനചെയ്ത സാരിയുണ്ടാകുമെന്നുമറിയുന്നു. ക്രീം നിറത്തിലുള്ള കുർത്തയും പൈജാമയുമാകും മാർഷൽമാരുടെ വേഷം.
പാർലമെന്റിൽ ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമെല്ലാം പൊതുവിൽ സഫാരിസ്യൂട്ടായിരുന്നു മുമ്പുണ്ടായിരുന്ന വേഷം. പുതിയ മന്ദിരത്തിൽ അതിന് മാറ്റംവരും. എന്നാൽ, പാർലമെന്റ് മന്ദിരത്തിനുപുറത്തെ സി.ആർ.പി.എഫിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സേനാ യൂണിഫോം തന്നെയാകും.
മേയിൽ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനംചെയ്തപ്പോൾത്തന്നെ ജീവനക്കാരുടെ യൂണിഫോമിൽ മാറ്റംവന്നേക്കുമെന്ന സൂചനയുണ്ടായിരുന്നു. പക്ഷേ, വർഷകാലസമ്മേളനം പഴയ മന്ദിരത്തിൽത്തന്നെയായതോടെ ജീവനക്കാർ പഴയ യൂണിഫോമിൽ തുടർന്നു. ഇപ്പോൾ പ്രത്യേക പാർലമെന്റ് സമ്മേളനം ആദ്യദിവസം കഴിഞ്ഞാൽ വിനായകചതുർഥിമുതൽ പുതിയ മന്ദിരത്തിലാകും ചേരുന്നത്. അതിന്റെ ഭാഗമായി ജീവനക്കാരുടെ യൂണിഫോം പരിഷ്കാരവും നടപ്പാക്കുകയാണെന്നാണ് വിവരം.
പാർലമെന്റ് ജീവനക്കാരുടെ യൂണിഫോമിൽപ്പോലും താമര ഉൾപ്പെടുത്തുന്നത് പരിഹാസ്യമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ദേശീയ മൃഗമായ കടുവയെയും ദേശീയ പക്ഷിയായ മയിലിനെയും ഉൾപ്പെടുത്താത്തതെന്ന് ലോക്സഭയിലെ കോൺഗ്രസ് വിപ്പ് മാണിക്കം ടാഗോർ ചോദിച്ചു. ജി-20 ലോഗോ രൂപകല്പനചെയ്തപ്പോഴും ഇതുതന്നെയാണ് ചെയ്തത്. പാർട്ടികൾക്കതീതമാണ് പാർലമെന്റെന്നും ബി.ജെ.പി.യുടെ നീക്കം നിരാശാജനകമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights: New uniform for staff in new Parliament
Published: 13 Sept 2023, 10:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented