ബെംഗളൂരു: കര്‍ണാടകയിലെ മാവോവാദി നേതാവായ തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി. ഞായറാഴ്ച ഉഡുപ്പി ജില്ലാ ഭരണകാര്യാലയത്തിലാണ് ലക്ഷ്മി കീഴടങ്ങിയത്. ലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 

To advertise here,

കുന്ദാപുര താലൂക്കിലെ തൊമ്പാട്ടു സ്വദേശിയാണ് ലക്ഷ്മി. അടുത്തിടെ കര്‍ണാടകയിലെ ആറ് മാവോവാദി നേതാക്കള്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ലക്ഷ്മിയും കീഴടങ്ങിയത്. ലക്ഷ്മിയുടെ ഭര്‍ത്താവ് സലീം നാലുവര്‍ഷം മുമ്പ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയിരുന്നു. 

ഇതുവരെ കര്‍ണാടകയിലെ 21 മാവോവാദികള്‍ ഇത്തരത്തില്‍ മാവോവാദി പ്രവര്‍ത്തനം അവസാനിപ്പിച്ച് കീഴടങ്ങിയതായി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ലക്ഷ്മിയും കീഴടങ്ങിയതോടെ മാവോവാദി സംഘങ്ങളില്‍ ഇനി കര്‍ണാടക സ്വദേശികളാരും ഇല്ലെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. മാവോവാദികളുടെ കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാനായി പ്രത്യേക കോടതി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

താന്‍ സ്വമേധയാ കീഴടങ്ങിയതാണെന്നും ഇതിനുപിന്നില്‍ ആരുടെയും സമ്മര്‍ദമില്ലെന്നും ലക്ഷ്മിയും പ്രതികരിച്ചു. അടുത്തിടെ ആറ് മാവോവാദികള്‍ കീഴടങ്ങിയ വാര്‍ത്തകള്‍ കണ്ടിരുന്നു. കീഴടങ്ങുന്നവര്‍ക്കായി സിദ്ധരാമയ്യ സര്‍ക്കാര്‍ രൂപവത്കരിച്ച നയം അംഗീകരിക്കാന്‍ തനിക്ക് താത്പര്യമുണ്ടായി. തന്റെ ഗ്രാമത്തില്‍ ഇതുവരെയും റോഡോ കുടിവെള്ള സൗകര്യവും ആശുപത്രിയോ ഇല്ല. എത്രയുംവേഗം ഗ്രാമത്തില്‍ ഇത്തരം അടിസ്ഥാനസൗകര്യങ്ങള്‍ വേണമെന്നതാണ് തനിക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളതെന്നും ലക്ഷ്മി പറഞ്ഞു. 

ഏതാനും വര്‍ഷങ്ങളായി ലക്ഷ്മി മാവോവാദി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ലക്ഷ്മിക്കെതിരേ ഉഡുപ്പിയില്‍ മൂന്നുകേസുകളാണ് നിലവിലുള്ളത്. നക്‌സല്‍വിരുദ്ധ സേനയ്‌ക്കെതിരേ വെടിവെപ്പ് നടത്തിയതിനും ഒരാളെ ആക്രമിച്ചതിനും ഗ്രാമങ്ങളില്‍ ലഘുലേഖകള്‍ വിതരണംചെയ്തതിനുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2007 മുതല്‍ ലക്ഷ്മി ഒളിവിലാണെന്നും ഇവര്‍ക്കെതിരേ പലതവണ വാറന്റ് പുറപ്പെടുവിച്ചതാണെന്നും പോലീസ് അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് പൂര്‍ത്തിയാക്കി ലക്ഷ്മിയെ കോടതിയില്‍ ഹാജരാക്കും. ശേഷം കേസുകളിലെ അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു. 

'എ' കാറ്റഗറി മാവോവാദി, ഏഴുലക്ഷം രൂപ...

ഞായറാഴ്ച കീഴടങ്ങിയ തൊമ്പാട്ടു ലക്ഷ്മിയെ 'എ' കാറ്റഗറിയിലുള്ള മാവോവാദികളില്‍ ഉള്‍പ്പെടുത്തിയതായി ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണര്‍ കെ.വിദ്യാകുമാരി മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന മാവാവോദികള്‍ക്ക് കീഴടങ്ങിയാല്‍ ഏഴുലക്ഷം രൂപയാണ് സര്‍ക്കാര്‍ നയപ്രകാരം നഷ്ടപരിഹാരമായി ലഭിക്കുക. ഇതിനായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും പണം ഘട്ടംഘട്ടമായാകും ലഭിക്കുകയെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.