ഹരിയാണ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരേ നടക്കുന്ന പ്രക്ഷോഭത്തിനിടയില്‍ പോലീസിന്റെ ജലപീരങ്കിയില്‍ കയറി ടാപ്പ് ഓഫ് ചെയ്ത യുവാവിനെതിരേ കൊലപാതകശ്രമത്തിന് കേസെടുത്ത് പോലീസ്. ഹരിയാണയിലെ അംബാലയില്‍ നിന്നുളള നവദീപ് സിങ്ങിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. കര്‍ഷക സംഘടന നേതാവ്‌ ജയ് സിങ്ങിന്റെ മകനാണ് 26-കാരനായ നവ്ദീപ്. 

നീലനിറത്തിലുളള ജാക്കറ്റ് ധരിച്ച് ജലപീരങ്കിക്ക് മുകളില്‍ കയറി ടാപ്പ് ഓഫ് ചെയ്ത ശേഷം കര്‍ഷകരുടെ ട്രാക്ടര്‍ ട്രോളിയിലേക്ക് ചാടിയിറങ്ങിയ നവ്ദീപിനെ ഹീറോയെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.  ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌ നവ്ദീപിനെതിരേ ചുമത്തിയിരിക്കുന്നത്. കലാപം, കോവിഡ് 19 നിയമലംഘനം തുടങ്ങിയ കുറ്റങ്ങളാണ് നവ്ദീപിനെതിരേ ചുമത്തിയിരിക്കുന്നത്‌. 

കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിനെ ഹരിയാണയിലും ഡല്‍ഹിയിലും രൂക്ഷമായാണ് പോലീസ് നേരിട്ടത്. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരേ പോലീസ് ജലപീരങ്കി പ്രയോഗിക്കവേയാണ് നവ്ദീപ് ജലപീരങ്കിക്ക് മുകളില്‍ കയറി ടാപ്പ് ഓഫ് ചെയ്തത്. ഈ ദൃശ്യങ്ങള്‍ വന്‍ തോതില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

'എന്റെ പഠനത്തിന് ശേഷം കര്‍ഷക നേതാവായ എന്റെ അച്ഛനൊപ്പം ഞാനും കൃഷി ചെയ്യാന്‍ തുടങ്ങി. നിയമവിരുദ്ധമായ യാതൊരു പ്രവര്‍ത്തനങ്ങളിലും ഞാന്‍ ഇതുവരെ ഏര്‍പ്പെട്ടിട്ടില്ല. പ്രതിഷേധിക്കുന്ന കര്‍ഷകരുടെ പ്രതിജ്ഞാബദ്ധതിയില്‍ നിന്നാണ് ജലപീരങ്കിക്ക് മുകളില്‍ കയറി ടാപ്പ് ഓഫ് ചെയ്യാനുളള ധൈര്യം എനിക്ക് ലഭിച്ചത്.' നവ്ദീപ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടയില്‍ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കണമെന്നാണ് ഞങ്ങള്‍ പോലീസിനോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ അവര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചു. ജനവിരുദ്ധമായ നിയമങ്ങള്‍ പാസ്സാക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാനും അതിനെതിരേ പ്രതിഷേധിക്കാനും ഞങ്ങള്‍ക്ക് അവകാശമുണ്ട്.' നവ്ദീപ് കൂട്ടിച്ചേര്‍ത്തു. 

കര്‍ഷകരോടുളള പോലീസിന്റെ പ്രതികരണത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് രാജ്യമെമ്പാടും ഉയരുന്നത്. കര്‍ഷകര്‍ തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയുന്നതിനായി തലസ്ഥാനത്തിന്റെ പ്രവേശന കവാടങ്ങളിലായി നൂറുകണക്കിന് പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.