ന്യൂഡല്‍ഹി: നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടറായി പ്രമുഖ നാടകകൃത്ത് ഡോ. ജെ. തുളസീധരക്കുറുപ്പിനെ നിയമിക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ നിയമനകാര്യ സമിതിക്ക് വീണ്ടും കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജ്യോതി സിംഗ് വീണ്ടും ഈ നിര്‍ദേശം നല്‍കിയത്. 

To advertise here,

2017 ല്‍ ഡയറക്ടര്‍ നിയമനത്തിനായി നടത്തിയ ഇന്റര്‍വ്യൂവില്‍ ഒന്നാം സ്ഥാനം ലഭിച്ചത് തുളസീധരക്കുറുപ്പിനാണ്. തുടര്‍ന്ന് നിയമന ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ നിയമനകാര്യ സമിതിക്ക് സാംസ്‌കാരിക മന്ത്രാലയം കൈമാറിയിരുന്നു. എന്നാല്‍, ഒരുവര്‍ഷം കഴിഞ്ഞിട്ടും സമിതി തീരുമാനം എടുക്കാത്തതിനാല്‍ ഡയറക്ടര്‍ നിയമനത്തിന് സാംസ്‌കാരിക മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കി. ഇതിനതിരെയാണ് ഡോ ജെ. തുളസീധരക്കുറുപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

സാംസ്‌കാരിക മന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ തീരുമാനം എടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ നിയമന സമിതിക്ക് സമയപരിധിയില്ലെന്ന ഹര്‍ജിക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകരായ അനുനയ മേത്ത, നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് ഹാജരായത്.

Content Highlights: National School of Drama director Dr J Thulaseedhara Kurup Delhi High Court