ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നാഷണൽ ഹെറാൾഡ് കേസ് വളരെ വിചിത്രമായ ഒന്നാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി പ്രത്യേക കോടതിയിൽ. 

To advertise here,

ഇഡിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സിങ്‌വി പ്രതിവാദം ആരംഭിച്ചത്.''ഇത് ശരിക്കും വിചിത്രമായ കേസാണ്. വിചിത്രം എന്നതിനേക്കാൾ അദ്ഭുതകരം. ഇത് കള്ളപ്പണം വെളുപ്പിക്കൽ ആരോപിക്കപ്പെടുന്ന കേസാണ്, എന്നാൽ വസ്തുവകകളില്ലാതെ, സ്വത്തിന്റെ ഉപയോഗമോ ഇല്ലാതെ.'' സിങ്‌വി വാദിച്ചു.

നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ)ന്റെ, 2,000 കോടി രൂപയിൽ അധികം മതിപ്പുള്ള വസ്തുവകകൾ ഗൂഢാലോചനയിലൂടെ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സ്വന്തമാക്കിയതായാണ് കേസ്. 

അന്തരിച്ച കോൺഗ്രസ് നേതാക്കളായ മോത്തിലാൽ വോറ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിട്രോഡ, സ്വകാര്യ കമ്പനിയായ യങ് ഇന്ത്യൻ എന്നിവരെയും പ്രതികളായി ചേർത്തിട്ടുണ്ട്. കുറ്റപത്രത്തിൽ സോണിയ ഒന്നാംപ്രതിയും രാഹുൽ  രണ്ടാം പ്രതിയുമാണ്. 

യങ് ഇന്ത്യൻ കമ്പനിയിൽ 76 ശതമാനം ഓഹരികൾ ഇവർ കൈവശം വെച്ചിരുന്നുവെന്നും  90 കോടി രൂപയുടെ വായ്പയ്ക്ക് പകരമായി എജെഎലിന്റെ ആസ്തികൾ വ്യാജമായി കൈവശപ്പെടുത്തിയെന്നും ഇ.ഡി. ആരോപിക്കുന്നു. എന്നാൽ, എ.ജെ.എലിന്റെ കടബാധ്യത ഇല്ലാതാക്കാനാണ് ഈ നടപടിക്രമം നടത്തിയതെന്ന് സിങ്‌വി വാദിച്ചു.

''ഓരോ കമ്പനിക്കും നിയമപ്രകാരം അവകാശമുള്ളതാണ് ഇവിടെയും സംഭവിച്ചത്. വിവിധ മാർഗ്ഗങ്ങളിലൂടെ കമ്പനികളെ കടത്തിൽനിന്ന് മുക്തമാക്കുന്നു. അതിനാൽ കടം ഒഴിവാക്കുകയും അത് മറ്റൊരു സ്ഥാപനത്തിന് കൈമാറുകയും ചെയ്യുന്നു. അങ്ങനെ കമ്പനി കടബാധ്യത ഇല്ലാത്തതാകുന്നു.'' സിങ്‌വി സമർത്ഥിച്ചു.

'യങ് ഇന്ത്യൻ ലാഭേച്ഛയില്ലാത്ത കമ്പനിയാണ്. ഇതിനർത്ഥം ലാഭവിഹിതം, ആനുകൂല്യങ്ങൾ, ശമ്പളം, ബോണസ് എന്നിവ നൽകാൻ കഴിയില്ല എന്നതാണ്. അവർ,  കോൺഗ്രസുമായി ബന്ധമുള്ള ആളുകളാണ്. കോൺഗ്രസുമായി ബന്ധമില്ലാത്ത ഒരു സ്ഥാപനത്തിൽ നാഷണൽ ഹെറാൾഡ് നിലനിർത്തുന്നത് പ്രിൻസ് ഓഫ് ഡെൻമാർക്ക് ഇല്ലാത്ത ഹാംലെറ്റ് നാടകം പോലെ പരിതാപകരം ആകുമായിരുന്നു.'' സിങ്‌വി വാദിച്ചു. 

മറ്റ് ഓഹരി ഉടമകളുടെ മരണശേഷം യങ് ഇന്ത്യൻ കമ്പനിയുടെ ഉടമകൾ സോണിയയും രാഹുലും ആയിരുന്നെന്നും പൂർണ്ണനിയന്ത്രണം അവർ നേടിയെന്നും സിങ്‌വി പറഞ്ഞു.