Photo: ANI
നീലഗിരി: നീലഗിരിക്ക് സമീപം കൂനൂരില്‍ ഉണ്ടായത് അപ്രതീക്ഷിത ദുരന്തം. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെയുള്ളവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
ബിപിന്‍ റാവത്തിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ച ശേഷം അപകടം സംബന്ധിച്ച് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിക്കും. തുടർന്ന് ആദ്ദേഹം ഊട്ടിയിലേക്ക് തിരിക്കും.
വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജനവാസ മേഖലയോട് ചേര്‍ന്ന് കുന്നില്‍ ചെരിവാണ് ഈ മേഖല.

അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിലുള്ള നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെലികോപ്ടറിലുണ്ടായിരുന്നവരെ കണ്ടെത്താനും തിരിച്ചറിയാനുമുള്ള ശ്രമങ്ങളും തുടരുകയാണ്. പ്രദേശത്ത് പോലീസിന്റേയും സൈന്യത്തിന്റേയും പ്രദേശവാസികളുടേയും സഹായത്തോടെയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Content Highlights: an Inquiry has been ordered to ascertain the cause of the helicopter accident, Helicopter Crash, Bipin Rawat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..