പാല്‍ഘര്‍: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ച കാറപകടത്തിന് കാരണം അമിത വേഗതയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ്. അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ തെറ്റായ ദിശിയിലൂടെ മറികടക്കാന്‍ ശ്രമിച്ചു. ഇതോടെ കാറ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പാല്‍ഘര്‍ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വൈകീട്ട് 3.30-ഓടെയാണ് സൈറസ് മിസ്ത്രി അപകടത്തില്‍പ്പെട്ട് മരിച്ചത്. പാല്‍ഘറില്‍ സൂര്യ നദിക്ക് കുറുകെയുള്ള പാലത്തില്‍വെച്ചായിരുന്നു അപകടം. മിസ്ത്രിയടക്കം അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

'പ്രാഥമിക അന്വേഷണത്തില്‍ കാറ് നിയന്ത്രണം വിട്ടാണ് ഡിവൈഡറില്‍ ഇടിച്ചത്. സൈറസ് മിസ്ത്രിയുടെ മൃതദേഹം നിലവില്‍ കാസയിലെ ആശുപത്രിയിലാണ്. നടപടിക്രമങ്ങള്‍ നടന്നുവരികയാണ്', പാല്‍ഘര്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മിസ്ത്രിയും മറ്റു മൂന്ന് പേരുമാണ് കാറിലുണ്ടായിരുന്നത്. മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെ, അവരുടെ ഭര്‍ത്താവ് ഡാരിയസ് പണ്ടോളെ, ഇയാളുടെ സഹോദരന്‍ ജെഹാംഗീര്‍ പണ്ടോളെ എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവരെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതില്‍ ജെഹാംഗീര്‍ പണ്ടോളെയും മരിച്ചതായാണ് വിവരം. ഇവര്‍ ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്‌സി ക്ഷേത്രമായ അതാഷ് ബെഹ്‌റാം അഗ്നി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. പരിക്കേറ്റ ഡോ. അനഹിത പണ്ടോളെയും ഭര്‍ത്താവും വാപിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

അനഹിത പണ്ടോളെയാണ് കാറ് ഓടിച്ചിരുന്നത്. ഭര്‍ത്താവ് ഡാരിയസ് പണ്ടോളെയും ഇവര്‍ക്കൊപ്പം മുന്‍ സീറ്റിലായിരുന്നു. മരിച്ച സൈറസ് മിസ്ത്രിയും ജെഹന്‍ഗീര്‍ പണ്ടോളെയും പിന്‍സീറ്റിലായിരുന്നു. അമിത വേഗതയില്‍ ഇടതുവശത്തുകൂടെ മറ്റൊരു വാഹനത്തെ ഇവര്‍ സഞ്ചരിച്ച കാറ് മറികടക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.