മുംബൈ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കുന്നതിനായി ലണ്ടൻ മോഡൽ പദ്ധതി കൊണ്ടുവരാനുള്ള നിർദ്ദേശവുമായി ബിജെപി കോർപ്പറേറ്റർമാർ. തിരക്കേറിയ മേഖലകളിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക നികുതി (Congestion Tax) ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം. കൊളാബയിലെ ബിജെപി കോർപ്പറേറ്ററായ മകരന്ദ് നർവേക്കറാണ് ഈ നിർദ്ദേശം ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കമ്മീഷണർക്ക് മുൻപാകെ സമർപ്പിച്ചത്.

To advertise here,

തിരക്കേറിയ സമയങ്ങളിൽ ഒരാൾ മാത്രം യാത്ര ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കുക, പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. രാവിലെ എട്ടുമണി മുതൽ 11 മണി വരെയും വൈകുന്നേരം അഞ്ചുമണി മുതൽ എട്ടുമണി വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ പ്രവേശിക്കുന്ന കാറുകൾക്ക് 50 രൂപ മുതൽ 100 രൂപ വരെ നികുതി ഈടാക്കാനാണ് ശുപാർശ.

സൗത്ത് മുംബൈ, ഫോർട്ട്, നരിമാൻ പോയിന്റ്, കൊളാബ തുടങ്ങിയ പ്രധാന ബിസിനസ് മേഖലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഫാസ്ടാഗ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (ANPR) സിസ്റ്റം എന്നിവ ഉപയോഗിച്ച് മാനുഷിക ഇടപെടലില്ലാതെ തുക ഈടാക്കാനാണ് പദ്ധതി.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ വർഷം തോറും 200 മുതൽ 300 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്നും ഈ തുക വായു മലിനീകരണം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാമെന്നും നർവേക്കർ ചൂണ്ടിക്കാട്ടി. ലണ്ടൻ, സിംഗപ്പൂർ, സ്റ്റോക്ക്‌ഹോം, ന്യൂയോർക്ക് തുടങ്ങിയ ആഗോള നഗരങ്ങളിൽ നിലവിൽ ഇത്തരം ടാക്‌സിങ് സംവിധാനങ്ങൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ഇത്തരം ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി എവിടെയും നടപ്പിലാക്കിയിട്ടില്ല. ബിഎംസിയോ മഹാരാഷ്ട്ര സർക്കാരോ ഈ നിർദ്ദേശത്തോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.