ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്രസുരക്ഷാ പരിശോധനയ്ക്കായി ഇക്കൊല്ലം ജനുവരിയിൽ രൂപവത്കരിച്ച വിദഗ്‌ധസമിതിയിലേക്ക് കേരളം നിർദേശിച്ച വിദഗ്‌ധനെ ഏകപക്ഷീയമായി നീക്കി കേന്ദ്രസർക്കാർ. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരമുള്ള തുടർനടപടികളനുസരിച്ചുണ്ടാക്കിയ സമിതിയിൽനിന്നാണ് കേരളപ്രതിനിധി ടി.കെ. ശിവരാജനെ കേന്ദ്ര അണക്കെട്ട് സുരക്ഷാ അതോറിറ്റി (എൻ.ഡി.എസ്.എ.) നീക്കിയത്. കേന്ദ്ര ജലകമ്മിഷൻ മുൻ ചീഫ് എൻജിനിയറാണ് ശിവരാജൻ. ഇദ്ദേഹത്തിനുപകരം ഐ.ഐ.ടി. റൂർക്കിയിലെ ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവി പ്രൊഫ. എം.എൽ. ശർമയെ ഉൾപ്പെടുത്തി ഈമാസം 16-ന് പുതിയ ഉത്തരവിറക്കി. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജനെ ലഭ്യമാകുന്നില്ല എന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയ കാരണം. എന്നാൽ, ശിവരാജനെ മാറ്റിയത് കേരളം അറിഞ്ഞിട്ടില്ലെന്ന് ഇതേക്കുറിച്ച് ആരാഞ്ഞപ്പോൾ സംസ്ഥാനസർക്കാർവൃത്തങ്ങൾ പറഞ്ഞു.
വിദഗ്‌ധസമിതിയിലെ ചെയർമാനെയും മറ്റംഗങ്ങളെയും മാറ്റിയിട്ടില്ല. നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷൻ മുൻ സി.എം.ഡി. ബൽരാജ് ജോഷിയാണ് ചെയർമാൻ.
2022-ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 നവംബറിൽ ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ടസമിതിയാണ് സമഗ്ര സുരക്ഷാപരിശോധനയ്ക്ക് തമിഴ്‌നാടും കേരളവും നിർദേശിച്ച അണക്കെട്ട് വിദഗ്‌ധരെക്കൂടി ഉൾപ്പെടുത്തി സ്വതന്ത്ര വിദഗ്‌ധസമിതി രൂപവത്കരിക്കാൻ തീരുമാനിച്ചത്. ഇതിലേക്കാണ് കേരളം ടി.കെ. ശിവരാജനെ നിർദേശിച്ചത്. ജനുവരി ആറിനിറക്കിയ ഉത്തരവിൽ ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. സമിതി നേരിട്ട് അണക്കെട്ടും പരിസരപ്രദേശങ്ങളും സമഗ്രമായി പരിശോധിച്ച് നാലുമാസത്തിനകം എൻ.ഡി.എസ്.എ.യ്ക്ക് റിപ്പോർട്ട് നൽകാനായിരുന്നു ആ ഉത്തരവിലെ നിർദേശം. എന്നാൽ, ഇന്നേവരെ സമിതിയുടെ ഭാഗത്തുനിന്ന് അതിനുള്ള നീക്കമുണ്ടായില്ല. കേരള പ്രതിനിധിയോടുള്ള വിയോജിപ്പുകാരണം തമിഴ്‌നാട് നടത്തിയ സമ്മർദനീക്കമാണ് ഇതിനു കാരണമെന്നാണു സൂചന. പുനഃസംഘടനാ ഉത്തരവു വന്നതിനുപിന്നാലെ സമിതിയുടെ നീക്കങ്ങൾ വേഗത്തിലാക്കാനും തമിഴ്‌നാട് ശ്രമമാരംഭിച്ചതായറിയുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്ക നിരന്തരം ഉയർത്തുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് സുരക്ഷാപരിശോധന. നൂറുവർഷത്തിനുമേൽ പഴക്കമുള്ള അണക്കെട്ടുകളിൽ 10 വർഷത്തിലൊരിക്കൽ സുരക്ഷാപരിശോധന വേണമെന്ന ദേശീയ ജലകമ്മിഷന്റെ നിബന്ധന കേരളം ചൂണ്ടിക്കാട്ടിയത് പരിഗണിച്ചാണ് സുപ്രീംകോടതി സുരക്ഷാപരിശോധനയ്ക്ക് ഉത്തരവിട്ടത്.
Content Highlights: Central government unilaterally replaced Kerala's nominated expert, T.K. Sivarajan, from the Mullaperiyar safety committee., Prof. M.L. Sharma from IIT Roorkee appointed as the new member., Kerala government was not informed about the change, raising concerns over transparency., The safety inspection, ordered by the Supreme Court, has faced significant delays., The 10-year periodic safety inspection is crucial for the century-old dam.
Published: 21 Jun 2026, 06:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented