
ഭോപാൽ (മധ്യപ്രദേശ്): ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദപ്രസ്താവനയുമായി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ. എംഎൽഎയുടെ പ്രസ്താവനയിൽ വ്യാപകപ്രതിഷേധമാണ് സംസ്ഥാനത്തുയരുന്നത്. ഇയാളിൽനിന്ന് പാർട്ടി നേതൃത്വം വിശദീകരണം തേടി. നേരത്തേയും ഒട്ടേറെത്തവണ ഫൂൽ ഇത്തരം വിവാദപരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
ഒരു പുരുഷൻ റോഡിലൂടെ നടക്കുമ്പോൾ അതിസുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ അയാളുടെ മനസ്സ് വ്യതിചലിച്ചേക്കാം. അപ്പോൾ ബലാത്സംഗം സംഭവിക്കാമെന്നായിരുന്നു ഫൂൽ സിങ്ങിന്റെ വിവാദപ്രസ്താവന. ഇന്ത്യയിൽ ബലാത്സംഗത്തിന് കൂടുതലും ഇരകളാകുന്നത് ആരാണ്, പട്ടികജാതി-വർഗ പിന്നാക്ക ജാതിക്കാരാണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫൂൽ സിങ് പറഞ്ഞു. എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽപ്പെടുന്ന സ്ത്രീകളുമായി ബന്ധത്തിലേർപ്പെടുകവഴി തീർഥഫലം ലഭിക്കുമെന്ന് എഴുതപ്പെട്ടിട്ടുണ്ടെന്നാണ് മറ്റൊരു വാദം. പുരുഷന് തീർഥാടനത്തിനുപോകാൻ സാധിക്കില്ലെങ്കിൽ വീട്ടിൽവെച്ച് ബന്ധത്തിലേർപ്പെടണമെന്നും അതുവഴി പുണ്യം നേടണമെന്നും ഇയാൾ പറഞ്ഞു. സ്ത്രീയുടെ സമ്മതമില്ലാതെ ബലാത്സംഗം ചെയ്യാൻ കഴിയില്ലെന്നും ഇതുകൊണ്ടാണ് നാലുമാസം പ്രായമുള്ളതും ഒരു വയസ്സുള്ളതുമായ പെൺകുഞ്ഞുങ്ങൾ ബലാത്സംഗം ചെയ്യപ്പെടുന്നതെന്നുമുള്ള ക്രൂരമായ പരാമർശവും ഇയാളിൽനിന്നുണ്ടായി.
ബലാത്സംഗത്തെ ഒരു കാരണംകൊണ്ടും ന്യായീകരിക്കാനാവില്ലെന്നും അത് ചെയ്യുന്നവർ കുറ്റവാളികളാണെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി പറഞ്ഞു. രാഹുൽഗാന്ധി ഇന്ദോർ സന്ദർശിക്കുന്ന സമയത്ത് ഫൂൽ സിങ് സാമൂഹികവിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
Content Highlights: MP Congress MLA Phool Singh Baraiya Sparks Outrage Over Shocking Rape Remarks
Published: 18 Jan 2026, 04:03 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented