പട്‌ന: ബിഹാറിലെ മൂന്നിലൊന്ന് കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണെന്നും ആറായിരം രൂപയോ അതിന് താഴെയോ മാത്രമാണ് പ്രതിമാസം വരുമാനമെന്നും ജാതി സർവേ റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് പാര്‍ലമെന്ററി കാര്യമന്ത്രി വിജയ് കുമാര്‍ ചൗധരി വിശദമായ സര്‍വേ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചത്. 

To advertise here,

സമൂഹത്തിലെ മുന്നാക്ക സമുദായത്തിൽപ്പെട്ട വിഭാഗങ്ങളിലും ദാരിദ്ര്യാവസ്ഥ അനുഭവിക്കുന്നവരുണ്ടെങ്കിലും പിന്നാക്കവിഭാഗക്കാര്‍, ദളിതര്‍, ഗോത്രവിഭാഗക്കാര്‍ എന്നിവരെ അപേക്ഷിച്ച് ഇവരുടെ എണ്ണം കുറവാണ്. റിപ്പോര്‍ട്ടനുസരിച്ച് ബിഹാറിലെ 2.97 കോടിയോളം വരുന്ന കുടുംബങ്ങളില്‍ 94 ലക്ഷത്തിലധികം കുടുംബങ്ങള്‍ ദരിദ്രരാണ്. 34.13 ശതമാനം വരും ഇത്.

ജീവിതവൃത്തിയും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകരങ്ങളും തേടി 50 ലക്ഷത്തിലധികം ബിഹാറികള്‍ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നതായും സര്‍വേ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 46 ലക്ഷത്തിലധികം പേർ മറ്റു സംസ്ഥാനങ്ങളിലും 2.17 ലക്ഷത്തിലേറെ പേർ വിദേശരാജ്യങ്ങളിലുമാണ് തൊഴില്‍ ചെയ്യുന്നത്. 5.52 ലക്ഷം പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ 27,000 പേര്‍ വിദേശത്ത് പഠനം നടത്തുന്നതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.