ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്‌ക്വാഡിന്റെ പരിശോധന. ചൊവ്വാഴ്ച രാവിലെ തിരുച്ചി-നാഗപട്ടണം ദേശീയ പാതയിൽ തഞ്ചാവൂർ ജില്ലയിലുൾപ്പെട്ട സലിയമംഗലത്തു വെച്ചാണ് സ്റ്റാലിൻ സഞ്ചരിച്ച വാഹനത്തിൽ അപ്രതീക്ഷിത പരിശോധന നടത്തിയത്.

To advertise here,

ഡി.എം.കെ.യുടെ സാമൂഹികമാധ്യമ വിഭാഗമാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ടി.വി.കെ. നേതാവ് വിജയ്‌ക്കെതിരേ ചെന്നൈ പോലീസ് കേസെടുത്തതിനു പിന്നാലെ ദൃശ്യങ്ങൾ പ്രചരിച്ചത് ഡി.എം.കെ.യുടെ തിരഞ്ഞെടുപ്പു തന്ത്രമാണെന്നും ആരോപണം ഉയർന്നു. സ്റ്റാലിൻ ഡ്രൈവറോടുചേർന്ന് മുൻ സീറ്റിലാണ് ഇരുന്നിരുന്നത്. അദ്ദേഹം പൂർണമായും പരിശോധനാ നടപടികളുമായി സഹകരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

വാഹനത്തിന്റെ മുൻപിലും പിൻഭാഗത്തും പരിേശാധന നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ടി.വി.കെ. തിരഞ്ഞെടുപ്പു കമ്മിഷന്റെ ചട്ടങ്ങളൊന്നും പാലിക്കുന്നില്ലെന്നാണ് ഡി.എം.കെ ഉന്നയിക്കുന്ന പ്രധാന ആരോപണം.

അച്ചടക്കമില്ലാതെ നടക്കുന്ന വിജയ്‌യുടെ പ്രചാരണത്തിൽ വൻജനക്കൂട്ടം എത്തുന്നുണ്ടെന്നും വിമർശനമുണ്ട്. തിങ്കളാഴ്ച ചെന്നൈ കൊളത്തൂർ മണ്ഡലത്തിൽ വിജയ് നടത്തിയ പ്രചാരണ യോഗത്തിനെതിരേ പോലിസ് കേസും എടുത്തിരുന്നു. അതിനു പിന്നാലെയാണ് സ്റ്റാലിന്റെ വാഹനം ഫ്ലൈയിങ് സ്‌ക്വാഡ് പരിേശാധിക്കുന്ന ദൃശ്യങ്ങൾ പുറത്തെത്തിയത്.

ചൊവ്വാഴ്ച രാവിലെ ഡി.എം.കെ.യുടെ പ്രചാരണത്തിനു തുടക്കം കുറിക്കുന്നതിനായി ചെന്നൈയിൽനിന്ന് പിതാവ് കരുണാധിയുടെ ജന്മനാടായ തിരുവാരൂരിലേക്ക് പുറപ്പെട്ടതായിരുന്നു സ്റ്റാലിൻ. ചാർട്ടേർഡ് വിമാനത്തിൽ തഞ്ചാവൂരിലെത്തി അവിടെനിന്ന് റോഡു മാർഗം തിരുവാരൂരിലേക്ക് പോകുമ്പോഴായിരുന്നു പരിശോധന.