ന്യൂഡൽഹി: ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ, ഡീപ്‌ഫേക്ക് വീഡിയോകൾ എന്നിവ പ്രത്യക്ഷപ്പെട്ടതിലും കമ്പനിയുടെ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചകളിലും മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെയും പാർലമെന്ററി സമിതിയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി മെറ്റാ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് മാപ്പപേക്ഷ ഉണ്ടായത്.

To advertise here,

പ്ലാറ്റ്‌ഫോമിന്റെ ഉത്തരവാദിത്വവും ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തിയെങ്കിലും  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തതിനെക്കുറിച്ച് ചർച്ചയിൽ പരാമർശമുണ്ടായില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉള്ളടക്ക നിയന്ത്രണത്തിൽ വീഴ്ചകൾ സംഭവിച്ചതായി മെറ്റ സമ്മതിച്ചതായും പ്ലാറ്റ്‌ഫോമുകളിലെ ദോഷകരമായ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ പാകപ്പിഴകളിൽ ഖേദം പ്രകടിപ്പിച്ചതായും ഉന്നത വൃത്തങ്ങൾ അറിയിച്ചു.

ഉപയോക്താക്കൾക്ക് ഏതൊക്കെ ഉള്ളടക്കങ്ങൾ കാണിച്ചുകൊടുക്കണമെന്ന് മെറ്റയുടെ അൽഗോരിതം തീരുമാനിക്കുന്നതിനാൽ, ഐ.ടി. നിയമം ഉറപ്പുനൽകുന്ന നിയമപരിരക്ഷ മെറ്റയ്ക്ക് അവകാശപ്പെടാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. ഉള്ളടക്കം ആർക്കൊക്കെ ലഭിക്കണമെന്ന് മെറ്റ തീരമാനിക്കുന്നതിനാൽ ഐ.ടി. നിയമപ്രകാരമുള്ള സേഫ് ഹാർബർ പരിരക്ഷ ഇവിടെ ബാധകമല്ലെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, സെർച്ച് എഞ്ചിനുകൾ, വെബ്‌സൈറ്റുകൾ, ഇൻ്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ തുടങ്ങിയ ഇൻ്റർമീഡിയറികൾക്ക് ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് നൽകുന്ന നിയമപരമായ സംരക്ഷണമാണ് ഐടി നിയമത്തിലെ സെക്ഷൻ 79-ൽ പറയുന്ന ‘സേഫ് ഹാർബർ’ സംരക്ഷണം.

ചില പ്രത്യേക വിഭാഗത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനായി വലിയ തുകകൾ നൽകിയിരുന്നതായി മെറ്റ സമ്മതിച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഈ വീഴ്ചകളിൽ കമ്പനി മാപ്പ് പറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നിർണായകമായ ഈ ചർച്ചയ്ക്കിടെ മെറ്റ അധികൃതർക്ക് അശ്വിനി വൈഷ്ണവ് ശക്തമായ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.

ചോദ്യച്ചോർച്ചകളിൽ നടപടി ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത സെൽഫി വീഡിയോ ഫെയ്സ്ബുക്കിൽനിന്ന് നീക്കാനിടയായ സംഭവത്തിലാണ് കേന്ദ്രസർക്കാർ മെറ്റയ്ക്ക് എതിരേ കടുത്ത നടപടി ആരംഭിച്ചത്. ഇതിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ ഐ.ടി. നിയമം ഉറപ്പുനൽകുന്ന നിയമപരിരക്ഷ നീക്കം ചെയ്യുമെന്നും അറിയിച്ച് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി മെറ്റയ്ക്ക് അന്ത്യശാസനം നൽകിയിരുന്നു.