മെഹ്ബൂബ മുഫ്തി | Photo: PTI
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പുനസ്ഥാപിക്കുന്നതുവരെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുകയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യില്ലെന്ന് പി.ഡി.പി. നേതാവ് മെഹ്ബൂബ മുഫ്തി. ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പുനസ്ഥാപിക്കുന്നത് വരെ അതിനായി പോരാടുമെന്നും ലക്ഷ്യം നേടുന്നത് വരെ ഗുപ്കര്‍ സഖ്യം ഒരുമിച്ച് നില്‍ക്കുമെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന തങ്ങള്‍ക്ക് നല്‍കിയിരുന്നത് തിരികെ വേണമെന്നും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ പറഞ്ഞു. സ്വന്തം തിരഞ്ഞെടുപ്പ് ലാഭത്തിനായി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെ നിന്ദിച്ചുവെന്നും അവര്‍ പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രാധാന്യമുള്ള പ്രശ്നങ്ങളാണെന്നും അവര്‍ പറഞ്ഞു.
ജമ്മുകശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പു നടത്താനും യുക്തമായ സമയത്ത് സംസ്ഥാനപദവി നല്‍കാനും പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്രസര്‍ക്കാര്‍ മേഖലയിലെ ഭാവി നടപടികള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച വിളിച്ച സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എല്ലാമേഖലയിലും ജനാധിപത്യ പ്രക്രിയയും വികസനവുമെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പറഞ്ഞിരുന്നു.
ജമ്മുകശ്മീരിന് സമ്പൂര്‍ണ സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ തിരിച്ചു നല്‍കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. മണ്ഡല പുനര്‍നിര്‍ണയം ആവശ്യമില്ലെന്നും ജമ്മുകശ്മീരിന് മാത്രമായി ഇത്തരത്തില്‍ പ്രത്യേകനടപടി എന്തിനാണെന്നും പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ സഖ്യം നേതാക്കള്‍ ചോദിച്ചിരുന്നു. കോണ്‍ഗ്രസ് അഞ്ചിന ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.
Content Highlights: Mehbooba Mufti says won't fight elections till Article 370, 35A restored
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..