ന്യൂഡൽഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ വിവിധ തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നു എന്ന പാകിസ്താന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട പരാമർശങ്ങൾ ഇന്ത്യയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

To advertise here,

ഇന്ത്യയിലെ ചില സംഭവങ്ങളെ ചൂണ്ടിക്കാട്ടി, 'മതപരമായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു' എന്ന് വിശേഷിപ്പിക്കുകയും അന്താരാഷ്ട്ര സമൂഹം അവ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയാണ് ഇന്ത്യ നൽകിയത്.

പൊള്ളയായ ആരോപണങ്ങളിലൂടെ ഇന്ത്യക്കുനേരെ വിരൽ ചൂണ്ടുന്നതുകൊണ്ട്, വിവിധ വിശ്വാസങ്ങളിലുള്ള ന്യൂനപക്ഷങ്ങളെ പാകിസ്താൻ പലവിധത്തിലും ഇരയാക്കുന്നത് മറച്ചുവെക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. 

'ഈ വിഷയത്തിൽ മോശം ചരിത്രമുള്ള ഒരു രാജ്യത്തിന്റെ ഇത്തരം പരാമർശങ്ങളെ ഞങ്ങൾ പൂർണമായും തള്ളിക്കളയുന്നു. വിവിധ വിശ്വാസങ്ങളിലുള്ള ന്യൂനപക്ഷങ്ങളെ പാകിസ്താൻ പലവിധത്തിലും ഇരയാക്കുന്നത് തള്ളിക്കളയാൻ കഴിയാത്ത യാഥാർത്ഥ്യമാണ്. ഇന്ത്യക്കുനേരെ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ച് അതിൽനിന്നും ശ്രദ്ധതിരിക്കാം എന്നുള്ളത് വ്യർഥമായ ചിന്തയാണ്.' വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.