ചെന്നൈ: കൊല്ലപ്പെട്ട ബി.എസ്.പി. തമിഴ്‌നാട് അധ്യക്ഷന്‍ കെ. ആംസ്‌ട്രോങ്ങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷ മായാവതി. മരുമകനും ബി.എസ്.പി. ദേശീയ കോ-ഓര്‍ഡിനേറ്ററുമായ ആകാശ് ആനന്ദിനൊപ്പമാണ് മായാവതി ചെന്നൈയിലെത്തിയത്. ആംസ്‌ട്രോങ്ങിന്റെ കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്ന് അനുശോചന സമ്മേളനത്തില്‍ മായാവതി ആവശ്യപ്പെട്ടു. 

To advertise here,

'തമിഴ്‌നാട്ടില്‍ ക്രമസമാധാനം ഇല്ലാതായിരിക്കുകയാണെന്ന് ആംസ്‌ട്രോങ്ങിന്റെ കൊലപാതകം വ്യക്തമാക്കുന്നത്‌. പ്രതികളാരും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.' -മായാവതി പറഞ്ഞു. 

അതേസമയം ആംസ്‌ട്രോങ്ങിന്റെ മൃതദേഹം ചെന്നൈയിലെ പാര്‍ട്ടി ഓഫീസിന് സമീപം സംസ്‌കരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. തിരുവള്ളുവര്‍ ജില്ലയിലെ ഒരേക്കര്‍ സ്വകാര്യഭൂമിയില്‍ മൃതദേഹം സംസ്‌കരിക്കാമെന്ന് കോടതി പറഞ്ഞു. വിലാപയാത്ര സമാധാനപരമായി നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. 

വെള്ളിയാഴ്ചയാണ് കെ. ആംസ്‌ട്രോങ്ങിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ചെന്നൈ പെരമ്പൂരിലെ സദയപ്പന്‍ സ്ട്രീറ്റിലുള്ള ആംസ്‌ട്രോങ്ങിന്റെ വീടിനുസമീപത്തുവെച്ച് രാത്രി 7.30-ഓടെയായിരുന്നു സംഭവം.