ചെന്നൈ: മുൻകേന്ദ്രമന്ത്രി മുരസൊലി മാരന്റെ മക്കളായ സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരനും സഹോദരനും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള തർക്കം അവസാനിച്ചു. ഇവരുടെ ബന്ധുകൂടിയായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇടപെടൽമൂലമാണ് തർക്കം പരിഹരിച്ചത്. ഒത്തുതീർപ്പിന്റെ ഭാഗമായി കലാനിധി മാരൻ 800 കോടി രൂപ ദയാനിധി മാരന് നൽകി.
അടുത്തവർഷം തമിഴ്നാട് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് സ്റ്റാലിന്‍ അന്ത്യശാസനം നല്‍കുകയായിരുന്നു. സ്റ്റാലിനാണ് ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ദ്രാവിഡനേതാവ് വീരമണി എന്നിവരെ ഇതിനായി നിയോഗിച്ചു. ഇത്തരത്തില്‍ മൂന്ന് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയാണ് തര്‍ക്കം പരിഹരിച്ചത്. 800 കോടി രൂപ കലാനിധി മാരന്‍ ദയാനിധി മാരന് നല്‍കി. കൂടാതെ ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട പോര്‍ട്ട് ക്ലബ് പ്രദേശത്ത് ഒരേക്കര്‍ ഭൂമിയും ദയാനിധി മാരന് നല്‍കി. ഏകദേശം നൂറു കോടി മൂല്യം വരുന്നതാണ് ഈ ഭൂമി.
ഞായറാഴ്ച സ്റ്റാലിൻ മധ്യസ്ഥ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചെന്നാണ് ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളറിയിച്ചത്. തർക്കം പരിഹരിച്ച സാഹചര്യത്തിൽ കലാനിധിക്കെതിരേ നൽകിയ വക്കീൽ നോട്ടീസ് ദയാനിധി മാരൻ ഉടൻ പിൻവലിച്ചേക്കും. ജൂൺ പത്തിനാണ് ദയാനിധി മാരൻ വക്കീൽ നോട്ടീസയച്ചത്.
സൺ ടിവി ഗ്രൂപ്പിന്റെ ആയിരക്കണക്കിന് കോടിരൂപ വിലമതിക്കുന്ന ലക്ഷക്കണക്കിന് ഓഹരികൾ നിയമങ്ങൾ ലംഘിച്ച് കലാനിധി മാരൻ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. മാരൻ കുടുംബത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സ്റ്റാലിൻ നേരത്തേയും മധ്യസ്ഥത വഹിച്ചിട്ടുണ്ട്. കരുണാനിധിയുടെ മൂത്തമകൻ എം.കെ. അഴഗിരിയും മാരൻ സഹോദരന്മാരും തമ്മിൽ 2008-ൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ടായപ്പോൾ സ്റ്റാലിൻ മധ്യസ്ഥ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചിരുന്നു.
വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടുവെന്ന് കാട്ടി കലാനിധി മാരൻ, ഭാര്യ കാവേരി മറ്റ് ഏഴുപേർ എന്നിവർക്കെതിരേ ദയാനിധി ചെന്നൈയിലെ നിയമസ്ഥാപനം മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്.
2003-ൽ മുരസൊലി മാരന്റെ മരണശേഷം കലാനിധി സൺ ടിവി നെറ്റ്‌വർക്കിന്റെ 3500 കോടി മതിക്കുന്ന ഓഹരികൾ സ്വന്തംപേരിലേക്കുമാറ്റിയെന്നും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) ലംഘനമാണിതെന്നും അതിനാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്(എസ്എഫ്ഐഒ) അന്വേഷിക്കണമെന്നുമായിരുന്നു നോട്ടീസിൽ വ്യക്തമാക്കിയത്.
മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ, മുരസൊലി മാരന്റെ ഭാര്യ മല്ലിക എന്നിവരായിരുന്നു സൺ ടിവി നെറ്റ്‌വർക്കിന്റെ ആദ്യ മാതൃകമ്പനിയായ സുമംഗലി പബ്ലിക്കേഷൻസിന്റെ (1985) പ്രൊമോട്ടർമാർ. അതിൽ 50 ശതമാനം വീതമായിരുന്നു ഇരുവർക്കും ഓഹരി പങ്കാളിത്തം. 2003-ൽ ദയാലു അമ്മാളുടെ അനുമതിപോലും വാങ്ങാതെയായിരുന്നു കലാനിധി മാരൻ 60 ശതമാനം ഓഹരികൾ സ്വന്തംപേരിലേക്ക് മാറ്റിയതെന്നും ദയാനിധി ആരോപിച്ചു.
കലാനിധി മാരനും ഭാര്യ കാവേരിയും 2003 മുതൽ ഇന്നുവരെ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ മുഴുവൻ ആനുകൂല്യങ്ങളും ലാഭവിഹിതവും ആസ്തികളും കാലതാമസമില്ലാതെ എംകെ ദയാലു അമ്മാൾക്കും മാരന്റെ നിയമപരമായ അവകാശികൾക്കും നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ സഹോദരി ഷൺമുഖ സുന്ദരാമ്മാളുടെ മകനാണ് മുരസൊലി മാരൻ.
Content Highlights: maran brothers settled dispute after mediation by tamil nadu cm mk stalin
Published: 11 Jul 2025, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented