ഇംഫാൽ: നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനും രാഷ്ട്രപതി ഭരണത്തിനുംശേഷം മണിപ്പുരിൽ വീണ്ടും അധികാരത്തിലെത്തുന്ന ബി.ജെ.പി. സർക്കാരിനുമുന്നിൽ വെല്ലുവിളികളേറെയാണ്. നിയമസഭാകക്ഷി നേതാവായി മെയ്ത്തി വിഭാഗത്തിൽനിന്നുള്ള മുതിർന്നനേതാവായ വൈ. ഖേംചന്ദ് സിങ്ങിനെയാണ് തിരഞ്ഞെടുത്തത്.

To advertise here,

ഉപമുഖ്യമന്ത്രിയായി കുക്കി വിഭാഗത്തിൽനിന്നുള്ള നെംച കിപ്‌ജെന്നിനെ തിരഞ്ഞെടുത്തത് കുക്കി-മെയ്ത്തി വിഭാഗങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗംകൂടിയാണ്. പുതിയ സർക്കാർ ഉടൻ അധികാരത്തിൽ വരുമെന്നാണ് സൂചന. 2023-ൽ മെയ്ത്തി-കുക്കി വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആരംഭിച്ച കലാപം അടിച്ചമർത്താൻ പരാജയപ്പെട്ടതോടെയാണ് ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ രാജിവെച്ചത്. തുടർന്ന് 2025 ഫെബ്രുവരിമുതൽ മണിപ്പുർ രാഷ്ട്രപതി ഭരണത്തിനുകീഴിലായി. രാഷ്ട്രപതിഭരണത്തിനുകീഴിലും മണിപ്പുർ ഒട്ടേറെ വംശീയസംഘർഷങ്ങൾക്ക് സാക്ഷ്യംവഹിച്ചു.

അറുപതംഗ നിയമസഭയിൽ ബി.ജെ.പി.ക്ക് നിലവിൽ 37 എം.എൽ.എ.മാരുണ്ട്. സംഖ്യാബലമുണ്ടെങ്കിലും, ഭരണനടപടികൾ ഏകോപിപ്പിക്കുക എളുപ്പമല്ല. കുക്കി, മെയ്ത്തി വിഭാഗങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ ആവശ്യങ്ങൾ തമ്മിൽ പൊരുത്തപ്പെടുത്തുക സർക്കാരിന്റെ ആദ്യ പരീക്ഷയായിരിക്കും.

സുരക്ഷ പുനഃസ്ഥാപിക്കൽ, ആഭ്യന്തര കുടിയേറ്റ പ്രശ്‌നങ്ങൾ, ആയുധങ്ങളുടെ നിയന്ത്രണം, ദുരിതാശ്വാസവും പുനരധിവാസവും എന്നിവ പുതിയ സർക്കാരിന് അടിയന്തരമായി കൈകാര്യം ചെയ്യേണ്ടിവരും. പൊതുജന വിശ്വാസം തിരിച്ചുപിടിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. സ്ഥിരതയുള്ള ഭരണവും നിഷ്പക്ഷമായ ഇടപെടലുകളും ഇല്ലെങ്കിൽ, മണിപ്പുരിലെ പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.

ഖേംചന്ദ് സിങ്ങിന് ആർ.എസ്.എസുമായി അടുത്ത ബന്ധം

തൃണമൂൽ കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതമാരംഭിച്ച ഖേംചന്ദ് സിങ് പിന്നീട് ആർ.എസ്.എസുമായി അടുത്തു. ബി.ജെ.പി.യിൽ ചേർന്ന അദ്ദേഹം പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. മണിപ്പുരിലെ ബിരേൻ സിങ് സർക്കാരിൽ വിദ്യാഭ്യാസം, ഭവനവികസനം, തദ്ദേശഭരണം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ കൈകാര്യംചെയ്തിരുന്നു.

62-കാരനായ അദ്ദേഹം ഇംഫാലിലെ സിംഗ്ജമൈ നിയോജകമണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യാണ്.