കൊൽക്കത്ത: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന ആളുകൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളിൽ മഴ നനഞ്ഞ് പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഭിഷേക് ബാനർജി ഉൾപ്പെടെ തൃണമൂൽ കോൺഗ്രസിലെ എല്ലാ പ്രമുഖ നേതാക്കളും പങ്കെടുത്ത പ്രതിഷേധ മാർച്ച് ബംഗാളി സ്വത്വവാദം വീണ്ടും ആളിക്കത്തിച്ചു. 

To advertise here,

"ബി.ജെ.പി. ഛീ ഛീ" (ബി.ജെ.പി, നാണക്കേട്) മുദ്രാവാക്യം മുഴക്കി പ്രതിഷേധ മാർച്ച് മൂന്നുകിലോമീറ്ററുകൾ നീണ്ടു. ഇനിയും കൂടുതൽ ബംഗാളിയിൽ സംസാരിക്കാൻ തീരുമാനിച്ചുവെന്നും തന്നെ ജയിലിലിടാനും മമത കേന്ദ്രത്തെ വെല്ലുവിളിച്ചു.

ഒഡീഷയിലെ കുടിയേറ്റ തൊഴിലാളികളെ തടവിലാക്കിയതും, ഭാഷാപരമായ വേർതിരിവും, ഡൽഹിയിലെ ഒഴിപ്പിക്കൽ നടപടികളുമാണ് ഇപ്പോൾ പുതിയ തർക്കങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. ഒഡീഷയിൽ ബംഗ്ലാദേശികളെന്ന് സംശയിക്കുന്ന 444 പേരെ അടുത്തിടെ തടഞ്ഞുവെച്ചിരുന്നു. ഇവരിൽ 200 പേർ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്ന് തൃണമൂൽ അവകാശപ്പെട്ടിരുന്നു. 

"ബംഗ്ലാദേശികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്ത് തടവിലാക്കണമെന്ന് ബി.ജെ.പി സർക്കാർ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചിട്ടുണ്ട്. ഞങ്ങൾ ആ വിജ്ഞാപനത്തെ ചോദ്യം ചെയ്യും. ബംഗാളി സംസാരിക്കുന്ന എല്ലാവരെയും നിങ്ങൾ എങ്ങനെ ജയിലിലടയ്ക്കും?" മമത ചോദിച്ചു.

"പശ്ചിമ ബംഗാൾ പൗരന്മാർക്ക് തിരിച്ചറിയൽ കാർഡുകളുണ്ട്. അവർക്ക് കഴിവുകളുള്ളതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നത്. അവരെക്കൊണ്ട് പണിയെടുപ്പിക്കും, പക്ഷെ ബംഗാളി സംസാരിക്കുമ്പോൾ അറസ്റ്റ് ചെയ്യും. ആരാണ് നിങ്ങൾക്ക് ഈ അധികാരം തന്നത്? ബംഗാൾ ഇന്ത്യയുടെ ഭാഗമല്ലേ?" അവർ തുറന്നടിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിയെ നേരിടാൻ ബംഗാളി ഭാഷ സംബന്ധിച്ച വിഷയം വൈകാരികമായി അവതരിപ്പിക്കുകയാണ് തൃണമൂൽ നീക്കം.