മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ ഭൂരിപക്ഷം ഉറപ്പാക്കി ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി പദവി സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. മുന്നണിയിൽ ഏറ്റവുമധികം സീറ്റുകൾ നേടിയ ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിമുറുക്കിയിരിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷമായി പങ്കിടണമെന്ന നിലപാടാണ് ശിവസേന നേതാവ് എക്നാഥി ഷിന്ദെ ഉന്നിയിച്ചത്. 

To advertise here,

ദിവസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിന് വിരാമമായെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏക്നാഥ് ഷിന്ദെയുടെ മകൻ ശ്രീകാന്ത് ഷിന്ദെയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽകി തർക്കം തീർത്തേക്കുമെന്നാണ് സൂചന. ഇക്കാര്യം പക്ഷേ, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് ഏക്നാഥ് ഷിന്ദെ മാധ്യമങ്ങളോട് പറഞ്ഞത്. 

വലിയൊരു ജനവിധിയാണ് ജനങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ ജനങ്ങളോട് മറുപടി പറയാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച് ഞങ്ങൾ അമിത് ഷായുമായി ചർച്ച ചെയ്തിരുന്നുവെന്നും, ഇനി മുന്നണിയിലെ നേതാക്കളായ അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് ഷിന്ദെ മാധ്യമങ്ങളോട് അറിയിച്ചത്. 

അതേസമയം, സർക്കാർ രൂപീകരണം സംബന്ധിച്ച് ബി.ജെ.പിയ്ക്ക് ഷിന്ദെ വഴങ്ങിയെന്നാണ് വിവരം. പ്രധാനമന്ത്രിയും അമിത് ഷായും ചേർന്നായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ബി.ജെ.പി. തീരുമാനത്തെ ശിവസേന പിന്തുണയ്ക്കുമെന്ന് ഷിന്ദെ സൂചിപ്പിച്ചു. സത്യപ്രതിജ്ഞ ഡിസംബർ അഞ്ചിന് നടക്കുമെന്നും അദ്ദേഹം സൂചന നൽകി. ജനങ്ങളെ സേവിക്കുന്നത് തുടരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് ബി.ജെ.പി. നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന് ലഭിച്ചത്. 288 സീറ്റുകളിൽ 230 ലും മഹായുതി സഖ്യമാണ് ജയിച്ചത്. 132 സീറ്റുകൾ നേടി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റ കക്ഷിയായി.  ഷിന്ദെ നേതൃത്വം നൽകുന്ന ശിവസേന 57 സീറ്റിലും അജിത് പവാറിന്റെ എൻ.സി.പി. 41 ഇടത്തുമാണ് വിജയിച്ചത്.