മുംബൈ: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എംഎല്‍എ സഞ്ജയ് റാത്തോഡിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനേച്ചൊല്ലി മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അസ്വാരസ്യം. സഞ്ജയ് റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയതിനെതിരെ ബി.ജെ.പി. രംഗത്തെത്തി. റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയതോടെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ ചിത്ര വാഗാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. 

To advertise here,

മഹാരാഷ്ട്രയുടെ പുത്രിയായ പൂജ ചവാന്റെ മരണത്തില്‍ ആരോപണ വിധേയനായ റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയത് നിര്‍ഭാഗ്യകരമാണെന്ന് ചിത്ര വാഗ് പറഞ്ഞു. സഞ്ജയ് റാത്തോഡിനെതിരായ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. പ്രതിപക്ഷത്തിരുന്നപ്പോള്‍ റാത്തോഡിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയ ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നവിസ് ഉപമുഖ്യമന്ത്രിയായ മന്ത്രിസഭയിലാണ് റാത്തോഡ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 

എന്നാല്‍, റാത്തോഡിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ സ്വീകരിച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്തു തന്നെ പോലീസ്‌ സഞ്ജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിരുന്നതായും അതുകൊണ്ടാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതെന്നും ഏക്‌നാഥ് ഷിന്ദേ പറഞ്ഞു. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ഷിന്ദേ കൂട്ടിച്ചേര്‍ത്തു. 

ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരുന്ന സഞ്ജയ് റാത്തോഡ് ബീഡ് സ്വദേശിയായ 23-കാരിയുടെ മരണവുമായി ബന്ധപ്പെടുത്തി ബിജെപി ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് രാജിവെച്ചത്. ഫെബ്രുവരി എട്ടിനാണ് പൂജ ചവാന്‍ എന്ന യുവതിയെ പുണെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണം സംബന്ധിച്ച് രണ്ടുപേരുടെ സംഭാഷണം അടങ്ങുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഓഡിയോ ക്ലിപ്പില്‍ സംസാരിക്കുന്നവരില്‍ ഒരാള്‍ സഞ്ജയ് റാത്തോഡ് ആണെന്നായിരുന്നു ആരോപണം. 

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ സഞ്ജയ് റാത്തോഡ് നിഷേധിച്ചിരുന്നു. വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്.