
അഗര്‍ത്തല: പരസ്യപ്രചാരണത്തിന്റെ അവസാനദിനമായിട്ടും ചൊവ്വാഴ്ച അഗര്‍ത്തലയില്‍ കാര്യമായ പ്രചാരണങ്ങളില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയ തിങ്കളാഴ്ചതന്നെ 'കൊട്ടിക്കലാശം' കഴിഞ്ഞമട്ടാണ് നഗരത്തിന്. എല്ലായിടത്തും പോലീസ് വാഹനങ്ങളും കേന്ദ്രസേനാംഗങ്ങളുമുണ്ട്.
സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയപ്പോള്‍ അവിടെയുമുണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇതുവരെ സി.പി.എം. പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസിലുണ്ട്.
സഹപ്രവര്‍ത്തകര്‍ മണിക് ദാ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന മണിക്ക് സര്‍ക്കാര്‍ 'രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി'യായിരുന്നു. രണ്ടു പതിറ്റാണ്ട് തുടര്‍ച്ചയായി ത്രിപുര മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 2018-ലെ തിരഞ്ഞെടുപ്പിന് നല്‍കിയ നാമനിര്‍ദേശപത്രികയില്‍ 2410 രൂപയായിരുന്നു ബാങ്ക് ബാലന്‍സ്! മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കിട്ടിയിരുന്ന ശമ്പളം പാര്‍ട്ടിക്ക് നല്‍കി. മണിക് ദായെപ്പോലെ ലളിതമാണ് പാര്‍ട്ടി ഓഫീസും. പ്രധാന ഹാളില്‍ ഒരു വലിയ മേശയും ബെഞ്ചും ഏതാനും കസേരകളും മാത്രം. പടി കയറിച്ചെല്ലുമ്പോള്‍ ഇ.എം.എസ്. ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളുണ്ട്. ഇടുങ്ങിയ ഇടനാഴിയുടെ അറ്റത്തെ അല്പം വിസ്താരമുള്ള കോണ്‍ഫറന്‍സ് ഹാളില്‍ മണിക് ദായെ കണ്ടു. കേരളത്തില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ 'അവിടത്തെ എല്ലാ മാധ്യമപ്രവര്‍ത്തകരും ഇവിടെയുണ്ടോ' എന്നായി മറുചോദ്യം. കേരളം തന്റെ 'ഫേവറിറ്റ് സ്റ്റേറ്റാ'ണെന്നൊരു കൂട്ടിച്ചേര്‍ക്കലും.
കേരളത്തില്‍ എതിര്‍ പാര്‍ട്ടികളായിരിക്കുമ്പോഴും ത്രിപുരയില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തിയ സാഹചര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹം സംസാരം തുടങ്ങി. 'കേരളത്തില്‍ ജനാധിപത്യം നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ത്രിപുരയില്‍ അതല്ല അവസ്ഥ. 2018-ല്‍ ബി.ജെ.പി. അധികാരത്തില്‍ വന്നശേഷം ഇവിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടിച്ചമര്‍ത്തപ്പെട്ടു. മാധ്യമങ്ങള്‍ ആക്രമണത്തിനിരയായി. പൗരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയനുസരിച്ചല്ല ഇവിടെ കാര്യങ്ങള്‍. കാട്ടുനീതിയാണ്. അതാണോ കേരളത്തിലെ സാഹചര്യം? അതിനാലാണ് കോണ്‍ഗ്രസുമായി സീറ്റുപങ്കിടാന്‍ തീരുമാനിച്ചത്. അതൊരു രാഷ്ട്രീയ സഖ്യമല്ല' -മണിക് ദാ വ്യക്തമാക്കി.
തൂക്കുസഭയെങ്കില്‍സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കും- തിപ്ര മോത്ത
ത്രിപുരയില്‍ ത്രികോണ പോരാട്ടം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിനുശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് തിപ്ര മോത്ത പ്രസിഡന്റ് ബിജോയ് കുമാര്‍ രംഗ്വാള്‍.
പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള പിന്തുണ പുറമേനിന്ന് നല്‍കും. തിരഞ്ഞെടുപ്പിന് മുമ്പേ സഖ്യമുണ്ടാക്കുന്ന കാര്യം പാര്‍ട്ടി ആലോചിച്ചിരുന്നു.
ഗുവാഹാട്ടിയില്‍ അസം മുഖ്യമന്ത്രിയുമായും ഡല്‍ഹിയില്‍നിന്നെത്തിയ രണ്ടു ബി.ജെ.പി. നേതാക്കളുമായി കൂടിയാലോചന നടത്തി. എന്നാല്‍, തീരുമാനമായില്ല.
Content Highlights: leftist victory is necessary for democracy to survive, manik sarkar
Published: 15 Feb 2023, 01:53 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented