കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ഗുരുതര ആരോപണവുമായി ഐപിഎല്‍ മുന്‍ ചെയര്‍മാനും ബിസിസിഐയുടെ മുന്‍ വൈസ് പ്രസിഡന്റുമായ ലളിത് മോദി. കൊച്ചി ടസ്‌കേഴ്‌സ് ടീം ഉടമകളില്‍ ഒരാളായി സുനന്ദ പുഷ്‌കറിനെ കൊണ്ടുവരാന്‍ ശശി തരൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും രേഖകളില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പിടിച്ചുവെന്നും ലളിത് മോദി ആരോപിക്കുന്നു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ ഇടപെട്ടുവെന്നും സോണിയ ഗാന്ധി താമസിക്കുന്ന 10 ജന്‍പഥില്‍ നിന്ന്‌ തനിക്ക് ഫോണ്‍കോള്‍ വന്നുവെന്നും മോദി വെളിപ്പെടുത്തുന്നു. രാജ് ഷമാനിക്ക് നല്‍കിയ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലളിത് മോദി.

To advertise here,

ഐപിഎല്‍ സീസണിന്റെ ആദ്യ കാലങ്ങളില്‍ ശശി തരൂരും കോണ്‍ഗ്രസ് നേതൃത്വവും ബലപ്രയോഗവും അഴിമതിയും നടത്തി. തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന് കോടിക്കണക്കിന് മൂല്യമുള്ള കൊച്ചി ടീമിന്റെ 25% ഉടമസ്ഥാവകാശം അനുവദിച്ചുകൊടുക്കാന്‍ രേഖകളില്‍ നിര്‍ബന്ധിതമായി ഒപ്പിടുവിച്ചു. ഗാന്ധി കുടുംബം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വമാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്നതെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ചതായിരുന്നു അന്നത്തെ അന്തരീക്ഷമെന്നും ലളിത് മോദി വ്യക്തമാക്കുന്നു. 

'348 മില്ല്യണ്‍ ഡോളറിനാണ് കൊച്ചി ടസ്‌ക്കേഴ്‌സിനെ അവര്‍ സ്വന്തമാക്കിയത്. അന്ന് 12 ഓഹരി ഉടമകളാണുണ്ടായിരുന്നത്. അത് ജെപി ഗ്രൂപ്പായിരിക്കുമെന്ന് ഞാന്‍ കരുതിയത്. അപ്പോഴാണ് സുനന്ദ പുഷ്‌കര്‍ എന്ന പേര് ഞാന്‍ ശ്രദ്ധിച്ചത്. മാര്‍ക്കറ്റിങ് ജീനിയസ് എന്നാണ് അവരെ പരാമര്‍ശിച്ചിരുന്നത്‌. 50 മില്ല്യണ്‍ ഡോളര്‍ വരുന്ന കണ്‍സോര്‍ഷ്യത്തില്‍ 25 ശതമാനം ഓഹരികളും അവര്‍ക്ക് സൗജന്യമായി ലഭിച്ചു. കൂടാതെ വരുമാനത്തിന്റെ 15 ശതമാനവും അവര്‍ക്കായിരുന്നു ലഭിച്ചിരുന്നത്. ഈ കരാര്‍ ഞാന്‍ ഒപ്പിടില്ലെന്ന് അവരെ അറിയിച്ചു. ഉടനെത്തന്നെ ശശി തരൂര്‍ എന്നെ വിളിച്ചു.

അദ്ദേഹം മോശമായ രീതിയിലാണ് സംസാരിച്ചത്. സുനന്ദ പുഷ്‌കറിനെ കുറിച്ച് ചോദിക്കാന്‍മാത്രം ധൈര്യം എനിക്കുണ്ടോയെന്നും ഇഡി റെയ്ഡ് ചെയ്താല്‍ ഞാന്‍ ജയിലിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.'-അഭിമുഖത്തില്‍ ലളിത് മോദി പറയുന്നു. പിന്നീട് അന്നത്തെ ബിസിസിഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹര്‍ ഇതില്‍ ഇടപെട്ടുവെന്നും കരാറില്‍ ഒപ്പിടാന്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നും മോദി പറയുന്നു. തന്റെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെയായിരുന്നു ഈ നീക്കമെന്നും യോഗത്തിന്റെ മിനിറ്റ്‌സില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കുന്നു. 

2010 ഐപിഎല്‍ സീസണോടെ സാമ്പത്തിക ക്രമക്കേടുകളും അച്ചടക്ക ലംഘനവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ബിസിസിഐയില്‍ നിന്ന് ലളിത് മോദിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ 2013 മുതല്‍ ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. 2011 സീസണില്‍ മാത്രമാണ് കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലില്‍ കളിച്ചത്. വാര്‍ഷിക ബാങ്ക് ഗ്യാരന്റി നല്‍കിയില്ലെന്ന കാരണത്താല്‍ കൊച്ചി ടീമിനെ ബിസിസിഐ ഐപിഎല്ലില്‍ നിന്ന് പുറത്താക്കുകയായിരുന്നു.