കെ.എൻ.ബാലഗോപാൽ,നിർമലാ സീതാരാമൻ |ഫോട്ടോ:മാതൃഭൂമി,ANI
ന്യൂഡല്‍ഹി: പാക്കറ്റിലുള്ള അരിയും തൈരുമുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി. ചുമത്താന്‍ പ്രതിപക്ഷം ഭരിക്കുന്നതടക്കം എല്ലാ സംസ്ഥാനങ്ങളും ചേര്‍ന്ന് ഐകകണ്‌ഠ്യേനയാണ് തീരുമാനിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടി.യെച്ചൊല്ലി വിവാദവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധവും നടക്കുന്നതിനിടെ ട്വിറ്ററിലാണ് മന്ത്രിയുടെ വിശദീകരണം.
ചണ്ഡീഗഢില്‍ കഴിഞ്ഞമാസം ചേര്‍ന്ന 47-ാമത് ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പൊന്നുമില്ലാതെയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. നിരക്ക് ഏകീകരണം സംബന്ധിച്ച മന്ത്രിതല സമിതിയുടെ നിര്‍ദേശങ്ങളെ യോഗത്തില്‍ പങ്കെടുത്ത എല്ലാ സംസ്ഥാന ധനമന്ത്രിമാരും പിന്തുണച്ചു. ബി.ജെ.പി.യിതര പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം, തമിഴ്നാട്, പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും അനുകൂലിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതലസമിതിയില്‍ കേരളവും അംഗമായിരുന്നു. ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗോവ, ബിഹാര്‍ ധനമന്ത്രിമാരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.
ജി.എസ്.ടി. വരുന്നതിന് മുമ്പും ഭക്ഷ്യധാന്യങ്ങള്‍ക്ക് സംസ്ഥാനങ്ങളില്‍ നികുതി ഈടാക്കിയിരുന്നെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. വാറ്റ് ഇനത്തില്‍ പല സംസ്ഥാനങ്ങളും പല നിരക്കാണ് ഈടാക്കിയിരുന്നത്. അത് ഏകീകരിച്ചാണ് ജി.എസ്.ടി. കൊണ്ടുവന്നപ്പോള്‍ പാക്കറ്റില്‍ വരുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയത്. എന്നാല്‍, ബ്രാന്‍ഡഡല്ലാത്ത കമ്പനികള്‍ പാക്കറ്റില്‍ വില്‍ക്കുന്നവയ്ക്ക് ഇതു ബാധകമല്ലാതിരുന്നതിനാല്‍ നികുതി ചോര്‍ച്ചയുണ്ടായി. ഇതു പരിഹരിക്കണമെന്ന് കമ്പനികളുടെയും സംസ്ഥാനങ്ങളുടെയും ഭാഗത്തുനിന്ന് ആവശ്യമുണ്ടായി. അതോടെയാണ് വിഷയം പഠിക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ മന്ത്രിതല സമിതിയെ നിയോഗിച്ചതെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗസാധനങ്ങള്‍ക്കുപോലും ജി.എസ്.ടി. ബാധകമാക്കിയ നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.
നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനയ്ക്കിടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കും. പലചരക്കുകടകളിലും മറ്റും ചെറിയ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന സാധനങ്ങള്‍ക്കാണ് ജി.എസ്.ടി. മാനദണ്ഡം മാറ്റിയതിലൂടെ വില വര്‍ധിക്കുക.
കടയിലെ തിരക്ക് കുറയ്ക്കാനും എളുപ്പത്തില്‍ നല്‍കാനുമായി ഭക്ഷ്യധാന്യങ്ങളുള്‍പ്പെടെ ചെറിയ പാക്കറ്റുകളിലാക്കിവെക്കുന്നത് കേരളത്തിലെ ചെറുകടകളില്‍പ്പോലുമുള്ള രീതിയാണ്. അതെല്ലാം ജി.എസ്.ടി.ക്കു വിധേയമാക്കുന്നത് ഈ കടകളെ ആശ്രയിച്ചുകഴിയുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുന്നത് നാടിനെ സാമ്പത്തികമായും ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കാന്‍ ഉടന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..