ഇറ്റാനഗർ: അതിർത്തി വിഷയങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ഒന്നും അറിയില്ലെന്നും പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് അവയെക്കുറിച്ച് പഠിക്കണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. തിങ്കളാഴ്ച അരുണാചൽ പ്രദേശിലെ ബുംലാ പാസിന് സമീപമുള്ള ഇന്ത്യ-ചൈന അതിർത്തി സന്ദർശനം നടത്തുന്നതിനിടയിലാണ് ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ചത്. ദേശീയ സുരക്ഷാവിഷയങ്ങൾ രാഹുൽ രാഷ്ട്രീയവൽക്കരിക്കരുതെന്നും റിജിജു പറഞ്ഞു. 2020-ലെ സംഭവങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ബുംലയിലെ വൈ-ജങ്ഷൻ.

To advertise here,

മുൻ കരസേനാമേധാവി എം.എം. നരവണെയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ഭാഗങ്ങൾ പാർലമെന്റിൽ ഉദ്ധരിച്ച് രാഹുൽ ഗാൽവാൻ വിഷയത്തിൽ സർക്കാർ കൈകാര്യം ചെയ്തതിനെ വിമർശിച്ചിരുന്നു. ഈ പുസ്തകം രാഷ്ട്രീയ നേതൃത്വത്തിന്റെ സ്തംഭനാവസ്ഥ ചൂണ്ടിക്കാണിക്കുന്നതായും പ്രധാനമന്ത്രി ജനറലിനോട് നിങ്ങൾക്ക് ശരി എന്ന് തോന്നുന്നത് ചെയ്യൂ എന്ന് പറഞ്ഞതായും രാഹുൽ ആരോപിച്ചു. ഈ പരാമർശങ്ങളെയും പുസ്തകത്തിന്റെ ഉപയോഗത്തെയും കേന്ദ്രസർക്കാർ ശക്തമായി എതിർത്തു. പ്രസിദ്ധീകരിക്കാത്ത ഒരു കൃതിയിൽ നിന്നുള്ള ഭാഗങ്ങൾ ഉദ്ധരിക്കുന്നത് ചട്ടങ്ങൾ ലംഘിക്കുന്നതായും ദേശീയസുരക്ഷയ്ക്ക് ദോഷകരമാണെന്നും ദേശീയ താൽപര്യത്തിന് വിരുദ്ധമാണെന്നും സർക്കാർ പറഞ്ഞു.

"ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തെക്കുറിച്ച് ചർച്ച ചെയ്യാൻ എന്താണുള്ളത്? നമ്മൾ അതിനെക്കുറിച്ച് സംസാരിക്കരുത്. ഇത് ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്, നമ്മൾ അത് ഗൗരവത്തോടെ കാണണം. രാജ്യത്തിന്റെ സുരക്ഷ വളരെ ഗൗരവമേറിയ വിഷയമാണ്, അത് രാഷ്ട്രീയ വിഷയമാക്കരുത്," റിജിജു പറഞ്ഞു.

ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസിനെക്കുറിച്ച് ചോദിച്ചപ്പോൾ, അതിൽ ഒന്നും സംഭവിക്കില്ലെന്നും വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും റിജിജു ആരോപിച്ചു. "ഇംപീച്ച്‌മെൻ്റ് പ്രമേയം പാസ്സാക്കാൻ അദ്ദേഹത്തിന് (രാഹുൽ ഗാന്ധിക്ക്) വേണ്ടത്ര അംഗബലമില്ല. എന്തിനെയാണ് അദ്ദേഹം ഇംപീച്ച് ചെയ്യുന്നത്? അങ്ങനെ സംഭവിക്കുന്ന ഒന്നല്ല ഇത്. പാർലമെന്റിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാറില്ല. അവർ ഈ വിഷയങ്ങൾ ഉയർത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്, പക്ഷേ ഒന്നും സംഭവിക്കില്ല," അദ്ദേഹം പറഞ്ഞു.