
ന്യൂഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ഒൻപതു ദിവസത്തിനുശേഷം ജയിൽമോചിതരാകുമ്പോൾ കേരളത്തിൽ അടുത്ത രാഷ്ട്രീയയുദ്ധത്തിന് കോപ്പുകൂട്ടുകയാണ് മൂന്നുമുന്നണികളും. ജയിൽമോചനത്തിന്റെ ക്രെഡിറ്റ് ആർക്കെന്നതിൽ അവകാശവാദവുമായി മുന്നണികൾ രംഗത്തുണ്ട്. ഇതിനിടയിൽ, നന്നായി വിയർത്തെങ്കിലും ദിവസങ്ങൾക്കുശേഷം കന്യാസ്ത്രീകൾ പുറത്തുവന്നപ്പോൾ രാഷ്ട്രീയ ആശ്വാസം ബിജെപിക്കുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഇടപെടലാണ് പ്രതിസന്ധിയുടെ കാഠിന്യം കുറച്ചത്.
എൽഡിഎഫും യുഡിഎഫും ഒരേപോലെ ഇക്കാര്യത്തിൽ നടത്തിയ ആക്രമണം കേരളത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. യുഡിഎഫും എൽഡിഎഫും വിഷയം ദേശീയശ്രദ്ധയിലെത്തിക്കുന്നതിൽ വിജയിച്ചു. പാർലമെന്റിൽ വിഷയം ഉയർത്തി. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും എംപിമാരുടെ സംഘങ്ങൾ ഛത്തീസ്ഗഢിലെത്തി.
കേരളത്തിൽ ക്രൈസ്തവപിന്തുണ ആർജിക്കാൻ എല്ലാ തന്ത്രവും പയറ്റുന്ന ബിജെപിക്ക് നേരിട്ട അപ്രതീക്ഷിതമായ ആഘാതമായിരുന്നു ഇത്. പ്രശ്നത്തിന് താത്കാലിക പരിഹാരമായതോടെ ഒടുവിൽ പാർട്ടിക്ക് തലയൂരാനും കഴിഞ്ഞു. സംസ്ഥാനാധ്യക്ഷനായ രാജീവ് ചന്ദ്രശേഖറിന് നേരിടേണ്ടിവന്ന വലിയ രാഷ്ട്രീയവെല്ലുവിളിയായിരുന്നു ഇത്.
എന്നാൽ, നേതൃത്വത്തിനുമുന്നിൽ കടമ്പകൾ ബാക്കിയാണ്. കന്യാസ്ത്രീകളുടെ പേരിലുള്ള എഫ്‌ഐആർ റദ്ദാക്കുക, ഇരുവരും അറസ്റ്റിലായപ്പോൾ അക്രമംകാട്ടിയവർക്കെതിരേ നടപടിയെടുക്കുക തുടങ്ങിയവയാണ് സഭകളുടെ പുതിയ ആവശ്യങ്ങൾ. ഇതുപരിഹരിക്കാൻ ശ്രമമുണ്ടാകുമെങ്കിലും പെട്ടെന്നുസാധിച്ചെടുക്കുക എളുപ്പമല്ലെന്ന് ബിജെപി നേതൃത്വത്തിനറിയാം. അതാണ് പാർട്ടിക്കുമുന്നിലെ പുതിയ പ്രതിസന്ധിയും.
കന്യാസ്ത്രീകൾ മോചിതരായതോടെ, ഛത്തീസ്ഗഢിൽ അരങ്ങേറിയത് ജയിൽമോചനത്തെച്ചൊല്ലിയുള്ള മുന്നണികളുടെ രാഷ്ട്രീയ അവകാശവാദ പ്രകടനങ്ങളായിരുന്നു. രാഷ്ട്രീയനാടകം കളിച്ചതാണ് കാര്യങ്ങൾക്ക് ഇത്രയും താമസമുണ്ടാക്കിയതെന്ന് എൽഡിഎഫിനെയും യുഡിഎഫിനെയും ഉന്നംവെച്ച് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. എന്നാൽ, ക്രെഡിറ്റ് എടുക്കാനല്ല വന്നതെന്നും കന്യാസ്ത്രീകളെ കാണാനാണെന്നും രാജീവ് ചന്ദ്രശേഖറെ കുറ്റപ്പെടുത്തി സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് തിരിച്ചടിച്ചു.
Content Highlights: kerala nuns bail chhattisgarh political war in kerala
Published: 03 Aug 2025, 04:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented