കൊച്ചി: കന്യാസ്ത്രീകള്‍ക്ക് ഉടനെ ജാമ്യം ലഭിക്കുമെന്നും അതിനുള്ള ഉറപ്പ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തന്നിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ സിറൊ മലബാര്‍സഭാ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും സംബന്ധിച്ച നിരവധി പ്രശ്‌നങ്ങളുണ്ട്. അവിടെ അത് വളരെ വൈകാരികമായ പ്രശ്‌നങ്ങളാണ്. അവിടെ നിയമസഭ പാസാക്കിയ നിയമങ്ങളുമുണ്ട്. അതിനെയെല്ലാം മനസിലാക്കി കുറച്ച് പക്വതയോടെ ഇതിനെ കാണണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടുദിവസത്തിനുള്ളില്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്നാണ് മനസിലാക്കുന്നത്. ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കില്ല എന്നുള്ള ഉറപ്പ് ലഭിച്ചിട്ടുണ്ട്. അതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉറപ്പ് നല്‍കിയിരുന്നു. അക്കാര്യം അറിയിക്കാനാണ് സഭാ ആസ്ഥാനത്തെത്തിയതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ലോകത്തെവിടെയാണെങ്കിലും മലയാളിക്ക് ഒരു പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് വിളിച്ചാല്‍ അവരെ സഹായിക്കാന്‍ ഞങ്ങള്‍ ഇറങ്ങും. എല്ലാത്തിനെയും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയല്ല ഞങ്ങള്‍ കാണുന്നത്. പ്രശ്‌നങ്ങളെ വോട്ടുബാങ്കായല്ല ഞങ്ങള്‍ കാണുന്നത്. മൂന്നുദിവസം മുമ്പ് സിബിസിഐ എന്നെ വിളിച്ച് പ്രശ്‌നം പറഞ്ഞു. അന്നുതന്നെ അനൂപ് ആന്റണിയെ ഛത്തീസ്ഗഢിലേക്ക് അയക്കാനുള്ള പദ്ധതി തയ്യാറാക്കി, അദ്ദേഹത്തെ അയച്ചു. അവിടുത്ത സംസ്ഥാന സര്‍ക്കാരുമായും ബിജെപി നേതൃത്വവുമായി സംസാരിച്ചു. പ്രശ്‌നങ്ങള്‍ വിശദീകരിച്ചു.
ഇവിടെ പ്രചരിക്കുന്നതുപോലെ രാജ്യദ്രോഹ കുറ്റമൊന്നും അവിടെ പോലീസ് ചുമത്തിയിട്ടില്ല. തങ്ങളുടെ അധികാര പരിധിയില്‍ ഉള്ള വിഷയമല്ല, ഇത് എന്‍ഐഎ കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് സെഷന്‍സ് കോടതിയാണ് പറഞ്ഞത്. 2013-ലെ പ്രൈവറ്റ് പ്ലേസ്‌മെന്റ് ആന്‍ഡ് ഏജന്‍സീസ് റെഗുലേഷന്‍ ആക്ടിലെ നിയമപ്രകാരമുള്ള വകുപ്പുകളാണ് പോലീസ് ചുമത്തിയത്. അത് മനുഷ്യക്കടത്ത് തടയുന്നതിന് വേണ്ടി കൊണ്ടുവന്ന നിയമമാണ്. പിന്നെ 1967-ലെ മതപരിവര്‍ത്തനം തടയുന്ന നിയമത്തിലെ വകുപ്പുകളുമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 1967-ല്‍ ബിജെപി ഉണ്ടായിരുന്നില്ലല്ലോയെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
വൈകാരികമായ ഈ വിഷയത്തെ കുറച്ച് പക്വതയോടെ സമീപിക്കണമെന്നാണ് ഞാന്‍ മുമ്പും ആവശ്യപ്പെട്ടത്. ഇവിടെ എല്ലാത്തിനെയും 24 മണിക്കൂറും രാഷ്ട്രീയ കണ്ണിലൂടെയാണ് കാണുന്നത്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതും അവരുടെ വിഷമങ്ങളുമാണ് പ്രധാന വിഷയമെന്നത് നമ്മള്‍ കാണേണ്ടെ? അതിന് പകരം അവിടെ പോയി നാടകം കളിക്കുന്നതെന്തിനാണ്. എന്തുകൊണ്ടാണ് സെഷന്‍സ് കോടതി ജഡ്ജ് കേസ് എന്‍ഐഎ കോടതിയിലേക്ക് വിട്ടത് എന്നത് ഇപ്പോഴും അജ്ഞാതമാണ്.
എല്ലാർക്കുമൊപ്പം എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ വെച്ച് ഒരു കോണ്‍ഗ്രസ് എംപി എന്നോട് ചോദിച്ചു, നിങ്ങള്‍ക്കിതൊരു തിരിച്ചടിയല്ലേയെന്ന്. അത് കേട്ടപ്പോള്‍തന്നെ ഞാന്‍ ഞെട്ടിപ്പോയി. പ്രശ്‌നങ്ങളെ അങ്ങനെയാണോ കാണേണ്ടത്. ഇതുപോലെ ചില രാഷ്ട്രീയക്കാരുണ്ട്. അവരെല്ലാം രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രമേ കാര്യങ്ങളെ കാണൂ, എന്നാല്‍ ഞങ്ങളങ്ങനെയല്ല. ആരാണെങ്കിലും സഹായം ആവശ്യപ്പെട്ടാല്‍ അവരുടെ മതമോ ജാതിയോ ചോദിക്കാതെ ഞങ്ങളിറങ്ങി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: BJP Chief on Kerala Nuns` Arrest: Bail Assured
Published: 31 Jul 2025, 09:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented