
ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രശ്നങ്ങൾ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയാൽ തീരാവുന്നതേയുള്ളൂവെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി. യഥാർത്ഥ പ്രശ്നം എന്താണെന് പറയാതിരിക്കാൻ താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം സുപ്രീം കോടതിയിൽ പറഞ്ഞു. എന്നാൽ, പ്രശ്നം എന്താണെന്ന് അറ്റോർണി ജനറൽ തുറന്നുപറയണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ഗവർണർ പറയുന്നതെന്നും വേണുഗോപാൽ കോടതിയിൽ ചൂണ്ടിക്കാട്ടി.
ബില്ലുകൾ സംബന്ധിച്ച് വിശദീകരിക്കാൻ മന്ത്രിമാർ കൂടിക്കാഴ്ചയക്ക് സമയം തേടിയെങ്കിലും ഗവർണർ അത് നിഷേധിക്കുകയാണെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. മന്ത്രിമാർക്കൊപ്പം പ്രൈവറ്റ് സെക്രട്ടറിമാർ കൂടിക്കാഴ്ചയ്ക്ക് എത്തുന്നത് ഗവർണർ തടഞ്ഞതായും അദ്ദേഹം ആരോപിച്ചു. എന്നാൽ, മുഖ്യമന്ത്രിയുമായി എപ്പോൾ വേണമെങ്കിലും കൂടിക്കാഴ്ചയ്ക്ക് ഗവർണർ തയ്യാറാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയിൽ അറിയിച്ചു.
ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർക്കാണ് ബില്ലുകളെക്കുറിച്ച് കൂടുതൽ അറിയാവുന്നതെന്നും അതിനാലാണ് അവർ വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചതെന്നും വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി. എന്നാൽ, മന്ത്രിസഭയുടെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിക്ക് ബില്ലുകളെക്കുറിച്ച് അറിയില്ലെന്ന നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു. മുഖ്യമന്ത്രിക്ക് ഗവർണറെ കാണാൻ എന്തെങ്കിലും പ്രയാസം ഉണ്ടോ എന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
മുഖംരക്ഷിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ആവശ്യപ്പെടുന്നതെന്ന് വേണുഗോപാൽ ആരോപിച്ചു. ഗവർണർ ചായകുടിക്കാൻ വിളിച്ചാൽ മുഖ്യമന്ത്രി രാജ്ഭവിൽ പോകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ചായക്കൊപ്പം മുഖ്യമന്ത്രിയും ഗവർണറും ചർച്ചനടത്തിയാൽ തീരാവുന്ന പ്രശനം മാത്രമേ ഉള്ളൂ എന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. കേരളത്തിൽ ചായയെക്കാൾ കാപ്പിയാണ് പ്രശസ്തമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപെട്ടു.
കേരളം നമ്പർ വൺ സംസ്ഥാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിൽ കേരളം രാജ്യത്തുതന്നെ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനമാണ്. സർക്കാർ കൊണ്ടുവരുന്ന ജനപ്രിയ നിയമങ്ങളിൽ ഗവർണറുടെ തീരുമാനം അനന്തമായി വൈകിയാൽ എങ്ങനെ സർക്കാരിന് മുന്നോട്ടുപോകാൻ സാധിക്കും? ഇതിന് ഒരു അവസാനമുണ്ടായാലേ മതിയാകൂ എന്നും കെ.കെ. വേണുഗോപാൽ സുപ്രീം കോടതിയിൽ പറഞ്ഞു.
കേരളത്തിന്‍റെ കേസ് കേൾക്കാൻ നേപ്പാൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസും
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം നൽകിയ ഹർജികൾ പരിഗണനയ്ക്കെടുത്തപ്പോൾ നേപ്പാൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിഷോവമ്പർ പ്രസാദ് ശ്രേസ്ഥയും നേപ്പാൾ സുപ്രീം കോടതിയിലെ ജസ്റ്റിസ് ഹരി പ്രസാദ് ഫുയാലും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേതൃത്വം നൽകിയ ബെഞ്ചിനൊപ്പം ഉണ്ടായിരുന്നു. ഇരുവരോടും കേസിന്റെ പ്രാധാന്യത്തെപ്പറ്റി ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന ഭരണഘടനയുടെ 200 -ാം അനുച്ഛേദം ഇരുവർക്കും വേണ്ടി കേരളത്തിന്റെ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാലിനെക്കൊണ്ട് ചീഫ് ജസ്റ്റിസ് വായിപ്പിച്ചു.
സംസ്ഥാന സർക്കാരിനുവേണ്ടി മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന് പുറമെ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, സ്റ്റാന്റിങ് കോൺസുൽ സി.കെ. ശശി, സീനിയർ ഗവൺമെന്റ് പ്ലീഡർ വി, മനു എന്നിവരും ഹാജരായി.
Content Highlights: kerala governor arif mohammad khan and government issue in niyamasabha bill supreme court
Published: 29 Nov 2023, 01:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented