ബെംഗളൂരു: കർണാടക നിയമസഭയിലും ഗവർണർ-സർക്കാർ പോര്. നയപ്രഖ്യാപന പ്രസംഗം രണ്ട് വരി മാത്രം വായിച്ച് ഇറങ്ങിപ്പോയ ഗവർണർ താവർചന്ദ് ഗഹ്‌ലോതിനെ കോൺഗ്രസ് എംഎൽഎമാർ തടയാൻ ശ്രമിച്ചത് നാടകീയതകൾക്കിടയാക്കി.
'സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനം ഇരട്ടിയാക്കാൻ എന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്, ജയ് കർണാടക' എന്ന് ഹിന്ദിയിൽ പറഞ്ഞതിന് പിന്നാലെ ഗവർണർ നിയമസഭ വിടുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയതിന് സമാനമായ നടപടികളാണ് കർണാടകത്തിലും കണ്ടത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഒഴിവാക്കി കേന്ദ്രസർക്കാർ നടപ്പാക്കിയ വിബി-ജി റാം ജി പദ്ധതിയെപ്പറ്റി ചർച്ചചെയ്യാനാണ് പത്തുദിവസത്തെ സംയുക്ത നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത്. തൊഴിലുറപ്പുപദ്ധതി തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
നയപ്രഖ്യാപന പ്രസംഗം സർക്കാരിന്റെ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ വായിക്കാൻ തയ്യാറാകാതിരുന്നത്. ആമുഖത്തിലെ രണ്ട് വരി മാത്രം വായിച്ച് സഭയിൽനിന്ന് ഗവർണർ ഇറങ്ങിയപ്പോൾ മുദ്രവാക്യം വിളിച്ച് കോൺഗ്രസ് എംഎൽഎമാർ പിന്നാലെ കൂടുകയും ഘെരാവോ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. മാർഷലുകൾ ഇടപെട്ടാണ് ഗഹ്‌ലോതിനെ പുറത്തേക്കെത്തിച്ചത്.
ഗവർണർ ഭരണഘടനാ മര്യാദകൾ ലംഘിക്കുകയാണെന്നും കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യേണ്ടത് ഗവർണറുടെ കടമയാണ്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിന് പകരം സ്വന്തമായി തയ്യാറാക്കിയ പ്രസംഗമാണ് ഗവർണർ നടത്തിയത്. ഇത് ഭരണഘടനാ ലംഘനമാണെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ഗെഹ്‌ലോത് പരാജയപ്പെട്ടുവെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും സിദ്ധരമായ്യ പറഞ്ഞു.
Content Highlights: Karnataka Governor-Government Rift: Assembly Session Sees Dramatic Walkout Over Policy Address
Published: 22 Jan 2026, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented