ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം.

To advertise here,

ബെംഗളൂരു നഗരവികസന വകുപ്പായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, ഇത് നൽകാൻ തയ്യാറാകാത്തതിനെത്തുടർന്ന് രാമലിംഗ റെഡ്ഡി അസ്വസ്ഥനായിരുന്നു. തുടർന്ന് രാജി സമർപ്പിക്കുകയായിരുന്നുവെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന് മുമ്പുതന്നെ ബെംഗളൂരു നഗരവികസന വകുപ്പ് രാമലിംഗ റെഡ്ഡിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ അവകാശപ്പെടുന്നു. കർണാടക സർക്കാരിലെ ഏറ്റവും സ്വാധീനമുള്ള വകുപ്പായാണ് ബെംഗളൂരു നഗരവികസന മന്ത്രാലയത്തെ കാണുന്നത്. ഡി.കെ. ശിവകുമാർ അധികാരമേറ്റതിന് പിന്നാലെ കൃഷ്ണ ബൈര ഗൗഡയ്ക്കാണ് ബെംഗളൂരു നഗരവികസന വകുപ്പ് നൽകിയിരിക്കുന്നത്.

സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ഡി.കെ. ശിവകുമാറായിരുന്നു ബെംഗളൂരു നഗരവിസന വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. താൻ മുഖ്യമന്ത്രിയാകുന്ന ഘട്ടത്തിൽ ഈ വകുപ്പ് കൈമാറാമെന്നായിരുന്നു രാമലിംഗ റെഡ്ഡിക്ക് ഡി.കെ. നൽകിയിരുന്ന ഉറപ്പ്. ഡി.കെ. മുഖ്യമന്ത്രിയായ ഘട്ടത്തിൽ ഈ വാഗ്ദാനം രാമലിംഗ റെഡ്ഡി ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് വകുപ്പ് വിഭജനം പൂർത്തിയായത്. എന്നാൽ, ഇതിൽ രാമലിംഗ റെഡ്ഡിക്ക് ജലസേചന വകുപ്പാണ് നൽകിയത്.