രമേഷ് ജാർക്കിഹോളി | Photo: Mathrubhumi
ബെംഗളൂരു: മേയില്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിന് പകരമായി പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി. നേതാവ്. മുന്‍മന്ത്രി രമേഷ് ജാര്‍ക്കിഹോളിയാണ് ഒരു വോട്ടിന് 6,000 രൂപ പാര്‍ട്ടി നല്‍കുമെന്ന് വാഗ്ദാനം ചെയ്തത്. ബെലഗാവിയിലെ സുലെബാവി ഗ്രാമത്തില്‍ നടത്തിയ റാലിയിലായിരുന്നു വാഗ്ദാനം നടത്തിയത്.
ബെലഗാവി റൂറലിലെ കോണ്‍ഗ്രസ് എം.എല്‍.എ. ലക്ഷ്മി ഹെബ്ബാല്‍ക്കറിനെ വിമര്‍ശിക്കവെയാണ് ജാര്‍ക്കിഹോളി വിവാദപരാമര്‍ശം നടത്തിയത്. 'മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ലക്ഷ്മി ഹെബ്ബാല്ക്കര് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടു. ഇതുവരെ അവര്‍ ആയിരം രൂപ വിലയുള്ള കുക്കര്‍, മിക്സി എന്നിവയാണ് നല്‍കിയിട്ടുള്ളത്. ഇനിയും ഉപഹാരങ്ങള്‍ അവര്‍ നല്‍കുമായിരിക്കും. അവയെല്ലാം കൂടെ ഏകദേശം 3,000 രൂപ വിലവരും. 6,000 രൂപയെങ്കിലും തന്നില്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യേണ്ട എന്ന് ഞാന്‍ നിങ്ങളോട് പറയുകയാണ്', ജാര്‍ക്കിഹോളി പറഞ്ഞു.
എന്നാല്‍, മുന്‍മന്ത്രിയും ബെലഗാവി ജില്ലയിലെ തന്നെ ഗോകകിലെ എം.എല്‍.എയുമായ രമേഷ് ജാര്‍ക്കിഹോളിയെ തള്ളി ബി.ജെ.പിയും സര്‍ക്കാർ രംഗത്തെത്തി. അത്തരം കാര്യങ്ങള്‍ക്ക് തങ്ങളുടെ പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവുമില്ലെന്ന് ജലസേചനമന്ത്രി ഗോവിന്ദ് കര്‍ജോല്‍ പറഞ്ഞു. 'ഒരു പ്രത്യയശാസ്ത്രത്തിന് മുകളില്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടിയാണ് ഞങ്ങളുടേത്. അതുകൊണ്ടാണ് നരേന്ദ്രമോദി നേതാവായി രാജ്യത്ത് രണ്ടാമതും പാർട്ടി അധികാരത്തിലെത്തിയത്. 2023-ലും സംസ്ഥാനത്ത് ഞങ്ങള്‍ തന്നെ അധികാരത്തിലെത്തും. ഒരു വ്യക്തിയുടെ പരാമര്‍ശം പാര്‍ട്ടിയുടേതല്ല. അത് വ്യക്തിപരമായ കാര്യമാണ്', കര്‍ജോല്‍ പറഞ്ഞു.
ജാര്‍ക്കിഹോളിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മുന്‍മന്ത്രിയുടെ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ അഴിമതിയുടെ ആഴമാണ് ഇത് കാണിക്കുന്നതെന്ന് പറഞ്ഞ പാര്‍ട്ടി വക്താവ് പ്രിയങ്ക് ഖാര്‍ഗെ, തിരഞ്ഞെടുപ്പ് കമ്മീഷനോ ആദായനികുതി വകുപ്പോ ഇ.ഡിയോ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ചോദിച്ചു. 'ഓപ്പറേഷന് താമര ഒരു യാഥാര്‍ഥ്യമാണ്. അതിനെ അംഗീകരിക്കുകയാണ് ജാര്‍ക്കിഹോളി. ബി.ജെ.പിക്ക് എവിടെനിന്നാണ് ഇത്രയും പണം ലഭിക്കുന്നത്?, അദ്ദേഹം ചോദിച്ചു.
നേരത്തെ കോണ്‍ഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായിരുന്നു രമേഷ് ജാര്‍ക്കിഹോളി. കോണ്‍ഗ്രസ്- ജെ.ഡി.(എസ്) സഖ്യസര്‍ക്കാരിനെ വീഴ്ത്താന്‍ നേതൃത്വം നല്‍കിയത് ജാര്‍ക്കിഹോളിയായിരുന്നു. സഖ്യത്തില്‍ വിമതനീക്കത്തിന് ചുക്കാന്‍ പിടിച്ച ജാര്‍ക്കിഹോളി ബി.ജെ.പിയിലെത്തി മന്ത്രിയായി. പിന്നീട് ലൈംഗികാരോപണത്തെ തുടർന്ന് രാജിവെക്കേണ്ടിവന്നു.
Content Highlights: Karnataka BJP Leader Says Will Pay ₹ 6,000 Per Vote, Party Denies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..