റാഞ്ചി: ജാർഖണ്ഡിലെ വിവിധ സർക്കാർ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം ശക്തമാക്കുന്നു. സമരത്തിന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഓഗസ്റ്റ് 20-ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതി വളഞ്ഞ് പ്രതിഷേധിക്കാനും ജെപിഎസ്‌സി-ജെഎസ്എസ്‌സി പരിഷ്കരണ മഞ്ച് തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കണമെന്നും തങ്ങളുടെ പരാതികളിൽ നടപടിയെടുക്കുന്നില്ലെങ്കിൽ രാഹുൽ ഗാന്ധി ജെഎംഎം സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.

To advertise here,

ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെ.പി.എസ്.സി.), ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ജെ.എസ്.എസ്.സി.) പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ജെ.പി.എസ്.സി. -ജെ.എസ്.എസ്.സി. റിഫോംസ് മഞ്ചിന്റെ നേതൃത്വത്തിൽ തുടരുന്ന സമരം 22ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ നിലപാട്. ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ, ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവർ നടത്തിയ പരീക്ഷകൾ ഉൾപ്പെടെ 13 നിയമനപരീക്ഷകൾ റദ്ദാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. പരീക്ഷയിലും നിയമനങ്ങളിലും ക്രമക്കേട് ഉണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം.

അതേസമയം ഭാവിയിലെ പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വെച്ച് പറഞ്ഞു. സംസ്ഥാനത്തെ യുവാക്കളും സർക്കാരിലുള്ള അവരുടെ വിശ്വാസവും തനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.