ന്യൂഡൽഹി: തീവ്രവാദ സംഘടനയായ ജെയ്ഷെ-മുഹമ്മദ് തലവനും 2001-ലെ പാര്‍ലമെന്റ് ആക്രമണം ഉള്‍പ്പെടെ ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയുമായ മസൂദ് അസ്ഹറിനെ പാക് അധീന കശ്മീരില്‍ കണ്ടതായി വിവരം. സംഘടനയുടെ ശക്തികേന്ദ്രമായ ബഹാവല്‍പൂരില്‍ നിന്ന് 1,000 കിലോമീറ്ററിലധികം അകലെയുള്ള പാക് അധീന കശ്മീരിലെ ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലാണ് മസൂദിനെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ത്യ ടുഡേ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടുംഭീകരനാണ് മസൂദ് അസ്ഹര്‍. 2016-ലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണം, 40-ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ട 2019-ലെ പുല്‍വാമ ഭീകരാക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ നിരവധി ഭീകരപ്രവര്‍ത്തനങ്ങളുടെ സൂത്രധാരനായിരുന്നു അസ്ഹര്‍. ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ സ്‌കര്‍ദുവിലുള്ള സദ്പാറ റോഡ് പരിസരത്താണ് അസ്ഹറിനെ കണ്ടത് എന്നാണ് വിവരം. ആകര്‍ഷകമായ തടാകങ്ങളോടുകൂടിയ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഒളിച്ചുതാമസിക്കാന്‍ പറ്റിയ ഇടമാണ് ഇതെന്നാണ് വിലയിരുത്തല്‍.
ഇന്ത്യ, യുഎസ്, ഐക്യരാഷ്ട്രസഭ എന്നിവ ഉപരോധം ഏര്‍പ്പെടുത്തിയ അസ്ഹര്‍ പാകിസ്താന്റെ മണ്ണില്‍ കാലുകുത്തിയാല്‍ പിടികൂടി ഇന്ത്യയെ ഏല്‍പ്പിക്കും എന്ന് പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ ഈയടുത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'അസ്ഹര്‍ അഫ്ഗാനിസ്താനിലാണ് എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അയാള്‍ പാകിസ്താന്റെ മണ്ണിലുണ്ട് എന്ന വിവരം തെളിവുസഹിതം പങ്കുവെച്ചാല്‍, ഞങ്ങള്‍ അയാളെ സന്തോഷത്തോടെ പിടികൂടി ഇന്ത്യയെ ഏല്‍പ്പിക്കും,' എന്നായിരുന്നു അദ്ദേഹം അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അതേസമയം, അസ്ഹര്‍ ഇപ്പോഴും തന്റെ സ്ഥിരം താവളമായ ബഹാവല്‍പുരില്‍ തന്നെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ജെയ്ഷെ പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ശ്രമം നടത്തുന്നുണ്ട് എന്നും ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അസ്ഹറിന്റെ പഴയ പ്രസംഗങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് അയാള്‍ ഇപ്പോഴും ബഹാവല്‍പുരില്‍ തന്നെയാണ് എന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളാണ് അവര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോഴും അസ്ഹറിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഇതാദ്യമായല്ല അസ്ഹര്‍ ബഹാവല്‍പൂരില്‍ നിന്ന് മറ്റൊരു ഒളിത്താവളത്തിലേക്ക് മാറുന്നത്. 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം, അസ്ഹര്‍ ബഹാവല്‍പൂരില്‍ നിന്ന് പെഷവാറിലെ ഒരു രഹസ്യ സുരക്ഷിത താവളത്തിലേക്ക് മാറിയിരുന്നു. അതേസമയം, ജെയ്ഷെയുടെ ആസ്ഥാനമായ ജാമിഅ സുബ്ഹാന്‍ അല്ലാഹില്‍ ഓപ്പറേഷന്‍ സിന്ദൂറിനിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ അസ്ഹറിന്റെ കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Content Highlights: indias most wanted terrorist jaish e muhammed chief masood azhar spotted in bahawalpur pakistan
Published: 18 Jul 2025, 10:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented