അമരാവതി: 2024 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് ക്രമക്കേട് നടന്നത് ആന്ധ്രപ്രദേശിലാണെന്ന ആരോപണവുമായി മുന്‍മുഖ്യമന്ത്രിയും വൈഎസ്ആര്‍സിപി അധ്യക്ഷനുമായ ജഗന്‍മോഹന്‍ റെഡ്ഡി. മറ്റു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ക്രമക്കേടിനെ കുറിച്ച് സംസാരിക്കുന്ന ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ആന്ധ്രപ്രദേശിന്റെ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും ജഗന്‍മോഹന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ആകെ വോട്ടില്‍ 48 ലക്ഷത്തോളം അഥവാ 12.5 ശതമാനത്തോളം ക്രമക്കേട് നടന്നതായി അദ്ദേഹം ആരോപിച്ചു. താഡേപ്പള്ളിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജഗന്‍മോഹന്‍. 

To advertise here,

"നിര്‍ഭാഗ്യമെന്നു പറയട്ടെ, ആന്ധ്രപ്രദേശിനെ കുറിച്ച് രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് സംസാരിക്കാത്തത്? അദ്ദേഹം സംസാരിക്കില്ല, കാരണം ചന്ദ്രബാബുവുമായി അദ്ദേഹം ബന്ധം പുലര്‍ത്തുന്നുണ്ട്, രാജ്യത്തെ ഏറ്റവും വലിയ ക്രമക്കേട് ആന്ധ്രപ്രദേശിലാണ് നടന്നത്", ജഗന്‍മോഹന്‍ പറഞ്ഞു. വൈഎസ്ആര്‍സിപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതായും സംസ്ഥാനത്ത് തീവ്ര പുനഃപരിശോധന നടത്താമെന്ന് കമ്മിഷന്‍ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പ് ജനാധിപത്യത്തോടുള്ള അവഹേളനമായിരുന്നുവെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സഹായിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും ജഗന്‍മോഹന്‍ പറഞ്ഞു. 

കോണ്‍ഗ്രസ് ദേശീയ വക്താവ് മാണിക്കം ടാഗോറിനെതിരെയും ജഗന്‍മോഹന്‍ ആരോപണമുന്നയിച്ചു. വൈഎസ്ആര്‍സിപിയുടെ കുറ്റങ്ങള്‍ മാത്രമാണ് മാണിക്കം ടാഗോര്‍ സംസാരിക്കുന്നതെന്നും നായിഡുവിന്റെ അഴിമതികള്‍ അദ്ദേഹം അവഗണിക്കുകയാണെന്നും ജഗന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു. രേവന്ത് റെഡ്ഡിയും ചന്ദ്രബാബു നായിഡുവുമായും ബന്ധമുണ്ടെന്നും അക്കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണെന്നും ബന്ധപ്പെട്ട ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.