ന്യൂഡല്‍ഹി:പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എംപിമാരേയും സസ്പെന്‍ഷനിലൂടെ പുറത്ത് നിര്‍ത്തി രാജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കി.
ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോക്സഭയില്‍ പാസാക്കിയത്. നേരത്തെ ഓഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ച് ഭേദഗതി വരുത്തിയശേഷം പുതിയ ബില്ലുകളായി ചൊവ്വാഴ്ച വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയുടെ പരിഗണനയ്ക്കുവെച്ചിരുന്നു. പ്രതിപക്ഷത്തെ മൂന്നില്‍ രണ്ട് എം.പിമാരും സസ്പെന്‍ഡ് ചെയ്യപ്പെട്ട് പുറത്തുനില്ക്കുമ്പോള് ശബ്ദ വോട്ടോടെയാണ് ബില്ലുകള്‍ ലോക്സഭയില്‍ പാസാക്കിയെടുത്തത്.
1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനല്‍ നടപടിച്ചട്ടവും (സി.ആര്.പി.സി.), 1872-ലെ ഇന്ത്യന്‍ തെളിവ് നിയമത്തിനും പകരമായിട്ടാണ് യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) നിയമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചത്.
543 അംഗ ലോക്സഭയില്‍ ഒഴിവുള്ള സീറ്റുകള്‍ കഴിച്ചാല്‍ 522 അംഗങ്ങളാണുള്ളത്. ഇതില്‍ പ്രതിപക്ഷത്തെ 95 പേരേയും കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. കേരളത്തില്‍നിന്നുള്ള എം.പിമാരായ തോമസ് ചാഴിക്കാടനേയും എ.എം. ആരിഫിനേയും ബുധനാഴ്ചയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലുകള്‍ പാസാക്കുന്നത്. സഭയില്‍ ബാക്കിയുള്ള 45 പ്രതിപക്ഷ എം.പിമാരില്‍ 34 പേരും നിര്‍ണായക ഘട്ടങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വൈ.എസ്.ആര്. കോണ്‍ഗ്രസ്, ബിജു ജനതാദള്‍ പാര്‍ട്ടികളില്‍നിന്നുള്ളവരാണ്.
നീതി വേഗം നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബില്ലുകളെന്ന് ചര്‍ച്ചയില്‍ മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ് പുതിയ നിയമം. കൊളോണിയല്‍ ചിന്താഗതിയില്നിന്നുംഅടയാളങ്ങളില്നിന്നും രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കുന്ന പുതിയ നിയമങ്ങള്‍, ഇന്ത്യന്‍ ചിന്താധാര അടിസ്ഥാനമാക്കിയാണ് നിര്‍മിക്കപ്പെട്ടതെന്ന് അമിത് ഷാ അവകാശപ്പെട്ടു.
കേസില്‍പ്പെട്ട് രാജ്യത്തിന് പുറത്തുള്ളവര്‍ 90 ദിവസത്തിനകം കോടതിക്കുമുമ്പാകെ ഹാജരായില്ലെങ്കില്‍ അവരുടെ അസാന്നിധ്യത്തിലും വിചാരണ മുന്നോട്ടുകൊണ്ടുപോകുന്ന ട്രയല്‍ ഇന്‍ ആബ്ഷന്‍സ്യ എന്ന വ്യവസ്ഥ പുതിയ നിയമപ്രകാരമുണ്ടാവും. കുറ്റവിമുക്തനക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പ്രതിക്ക് ഏഴുദിവസത്തെ സമയം ലഭിക്കും. ആ ഏഴ് ദിവസത്തിനുള്ളില്‍ ജഡ്ജി വാദം കേള്‍ക്കണം. 120 ദിവസത്തിനുള്ളില്‍ കേസ് വിചാരണയ്ക്ക് വരും. കുറ്റകൃത്യം നടന്ന് 30 ദിവസത്തിനുള്ളില്‍ ഒരാള്‍ കുറ്റം സമ്മതിച്ചാല്‍ ശിക്ഷയില്‍ കുറവ് വരുമെന്നും ചര്‍ച്ചയ്ക്കിടെ അമിത് ഷാ പറഞ്ഞു.
Content Highlights: ipc crpc evidence act replacing bills passed by lok sabha
Published: 20 Dec 2023, 05:31 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented