ന്യൂഡൽഹി: ഇന്ത്യ വളർന്നുവരുന്ന മഹാശക്തി ആണെന്നും ആഗോള വ്യാപാര രംഗത്ത് രാജ്യം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. മുൻകാലങ്ങളിലെ ബലഹീനമായ വ്യാപാര കരാറുകളിൽനിന്ന് മാറി, ശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള പുതിയ നയതന്ത്രമാണ് ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് പീയുഷ് ഗോയൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

To advertise here,

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ 2026-ൽ തന്നെ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ കരാറുകളുടെയും മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാർ ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്താകും. ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിലധികം ഉൽപ്പന്നങ്ങൾക്കും യൂറോപ്യൻ വിപണിയിൽ പ്രത്യേക ഇളവുകൾ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ചൈനയുടെ നേതൃത്വത്തിലുള്ള വ്യാപാര കൂട്ടുകെട്ടുകളോട് ഇന്ത്യ ഒരിക്കലും സഹകരിക്കില്ലെന്നും ഗോയൽ ആവർത്തിച്ചു. റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പിൽ (RCEP) നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം ശരിയായിരുന്നുവെന്നും അല്ലാത്തപക്ഷം ആഭ്യന്തര വ്യവസായങ്ങൾ തകരാൻ അത് കാരണമാകുമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ വിപണിമൂല്യം തിരിച്ചറിയുന്ന 'ഫെയർ ട്രേഡ്' (Fair Trade) രാജ്യങ്ങളുമായി മാത്രമേ ഇനി ചർച്ചകൾ നടത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. പരിഹരിക്കപ്പെടാത്ത പ്രധാന തർക്കങ്ങളൊന്നുമില്ലെന്നും ഉടൻ തന്നെ കരാർ പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ചിലി, ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യ സജീവ ചർച്ചകളിലാണ്. കാനഡയുമായുള്ള വ്യാപാര ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

മോദി സർക്കാരിന്റെ ആദ്യ ആറോ ഏഴോ വർഷങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്താനാണ് വിനിയോഗിച്ചത്. ഈ സാമ്പത്തിക സുസ്ഥിരത നൽകിയ ആത്മവിശ്വാസമാണ് ഇന്ന് ആഗോളതലത്തിൽ വലിയ ചർച്ചകൾ ശക്തിയോടെ നടത്താൻ ഇന്ത്യയെ പ്രാപ്തമാക്കുന്നത്. 'ബ്രാൻഡ് ഇന്ത്യ'യ്ക്കും ഉൽപ്പന്നങ്ങളുടെ ഗുണമേന്മയ്ക്കും നൽകിയ മുൻഗണന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ സ്വീകാര്യത നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.