ന്യൂഡല്‍ഹി: ഇന്ത്യയുടെ സേനയുടെ കരുത്ത് പ്രദര്‍ശിപ്പിച്ച് നാവികസേനയുടെ പുതിയ സാമൂഹികമാധ്യമ പോസ്റ്റ്. സമുദ്രോപരിതലത്തിലുള്ള കപ്പല്‍, അന്തര്‍വാഹിനി, ഇവയ്ക്ക് സമീപം പറക്കുന്ന ഹെലികോപ്ടര്‍ എന്നിവ ഒന്നിച്ചുള്ള ചിത്രമാണ് നാവികസേന ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'നാവികക്കരുത്തിന്റെ ത്രിശൂലം- അലകള്‍ക്ക് മീതെ, താഴെ, കുറുകെ' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന കുറിപ്പ്. 

To advertise here,

അതിപ്രഹരശേഷിയുള്ള ഐഎന്‍എസ് കൊല്‍ക്കത്ത, അത്യാധുനിക ലൈറ്റ് ഹെലികോപ്ടറായ ധ്രുവ് (എഎല്‍എച്ച്), ആധുനിക സംവിധാനങ്ങളുള്ള സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി എന്നിവയാണ് ചിത്രത്തിലുള്ള താരങ്ങള്‍. ഇപ്പോള്‍ വൈറലായിരിക്കുന്ന ചിത്രം നാവികസേനയുടെ പക്കലുള്ള ഫയല്‍ചിത്രമായിരിക്കാമെന്നാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്താനെതിരെ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അനിവാര്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് നല്‍കിയിരുന്നു. ഏപ്രില്‍ 22 ന് നടന്ന ആക്രമണത്തിനുശേഷം പാകിസ്താന്‍ തുടരെത്തുടരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവരികയാണ്. ഏത് സാഹചര്യത്തേയും നേരിടാന്‍ സുശക്തവും സജ്ജവുമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്ന നാവികസേന അത്യാധുനിക വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെ സമുദ്രമേഖലയില്‍ വിന്യസിച്ചിരിക്കുകയാണ്.

സാധാരണയായി നടത്തിവരുന്നതാണെങ്കിലും സംഘര്‍ഷ സാഹചര്യത്തില്‍ ശ്രദ്ധയായിരിക്കുകയാണ് നാവികസേനാഭ്യാസം. പാകിസ്താന് ആശങ്കയുണര്‍ത്തുന്ന വിധത്തിലാണ് ഇന്ത്യന്‍ നാവികസേന ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകള്‍ സേന പരീക്ഷിച്ചിരുന്നു.സേനയുടെ ആയുധസംവിധാനങ്ങളുടെ ക്ഷമതയാണ് പരീക്ഷിച്ചുറപ്പിച്ചത്. ഏതു സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് നാവികസേന ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. അതിന് രണ്ടുദിവസം മുന്‍പ് യുദ്ധക്കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന് 70 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മധ്യദൂര മിസൈല്‍ പരീക്ഷണവും സേന നടത്തിയിരുന്നു.

കരുത്ത് വ്യക്തമാക്കി സജ്ജമായ യുദ്ധക്കപ്പലുകളുടെ ചിത്രമുള്‍പ്പെടെ പാകിസ്താന് താക്കീതുമായി ഒരു എക്സ് പോസ്റ്റും ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ നാവികസേന കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഒരു ദൗത്യവും അപ്രാപ്യമല്ല എന്ന കുറിപ്പും സേന പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.