ന്യൂഡൽഹി: ഭൂകമ്പം കനത്ത നാശംവിതച്ച മ്യാന്‍മാറിലേക്ക് സഹായവുമായി ഇന്ത്യൻ നാവികസേനയും. ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും യാങ്കൂണിലേക്ക് പുറപ്പെട്ടു. ഓപ്പറേഷന്‍ ബ്രഹ്‌മ എന്ന പേരില്‍ 40 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് കൊണ്ടുപോകുന്നത്.

To advertise here,

രണ്ടു കപ്പലുകൾ കൂടി പുറപ്പെടുമെന്ന് നാവികസേന അറിയിച്ചു. ദുരന്ത ഭൂമിയിൽ ഇന്ത്യൻ സൈന്യം താതാകാലിക ആശുപത്രിയും സ്ഥാപിക്കും. 118 അം​ഗങ്ങൾ ഉൾപ്പെടുന്ന ഡോക്ടർമാരുടെയും ആ​രോ​ഗ്യപ്രവർത്തകരുടെയും സംഘം യാങ്കൂണിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 

കഴിഞ്ഞദിവസം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂണ്‍ വിമാനത്താവളത്തിലെത്തിലെത്തിയിരുന്നു. ടെന്റുകള്‍, ബ്ലാങ്കറ്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ഭക്ഷ്യ പായ്ക്കറ്റുകള്‍, ശുചീകരണ കിറ്റുകള്‍, ജനറേറ്ററുകള്‍, അവശ്യമരുന്നുകള്‍ എന്നിവയടക്കമുള്ള ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യഘട്ട സഹായത്തില്‍ ഇന്ത്യ മ്യാന്‍മാറിലെത്തിച്ചത്. 

വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തിൽ മ്യാൻമാറിൽ മാത്രം ആയിരത്തിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരുടെ എണ്ണം 1,002 ആയി ഉയര്‍ന്നതായും 2,376 പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയല്‍രാജ്യമായ തായ്ലന്‍ഡില്‍ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചു. തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്ക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്നാണ് മരണം. നൂറോളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. 

ഇരുരാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.