ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക ഇന്ധന മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. രാജ്യത്തുടനീളം 50 ലക്ഷം പുതിയ പിഎൻജി കണക്ഷനുകൾ നൽകുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. നിലവിൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന എൽപിജിയിൽ നിന്ന് പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിലേക്ക് മാറാൻ അവരെ പ്രോത്സാഹിപ്പിക്കണമെന്നും ഇതിനായി പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

To advertise here,

ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ എൽപിജി ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് ഈ സുപ്രധാന നീക്കം. എൽപിജി ഇറക്കുമതിക്കായി കപ്പലുകളെ ആശ്രയിക്കുന്നത് പലപ്പോഴും അനിശ്ചിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത്തരത്തിൽ എൽപിജി വിതരണ ശൃംഖലയിൽ എന്തെങ്കിലും തരത്തിലുള്ള ഉലച്ചിലുകൾ സംഭവിച്ചാൽ പോലും അത് സാധാരണ ജനങ്ങളെ ബാധിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് പിഎൻജി ശൃംഖല വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ മുതിർന്ന മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിർണ്ണായകമായ ഒരു യോഗം ചേർന്നിരുന്നു. ഗെയിൽ ഉൾപ്പെടെയുള്ള പ്രമുഖ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും ഈ യോഗത്തിൽ പങ്കെടുത്തു. 50 ലക്ഷം വീടുകളിലേക്ക് പൈപ്പ് വഴി ഇന്ധനം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് യോഗത്തിൽ വെച്ച് കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ ഏറ്റവും ഗുണപ്രദവും ചെലവ് കുറഞ്ഞതുമായ ഇന്ധനമായി പിഎൻജിയെ കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. എൽപിജിയുടെ ഗതാഗതത്തിനും കൈമാറ്റത്തിനുമുള്ള വലിയ ചിലവ് ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും. പ്രത്യേകിച്ച് യുദ്ധസമാനമായ സാഹചര്യങ്ങളിൽ യാതൊരു തടസ്സവുമില്ലാതെ ജനങ്ങൾക്ക് ഇന്ധനം എത്തിക്കാൻ കഴിയുന്ന ഒരു വിശ്വസ്ത ഊർജ്ജ സ്രോതസ്സായിട്ടാണ് നാച്ചുറൽ ഗ്യാസ് കണക്കാക്കപ്പെടുന്നത്.

ഫോസിൽ ഇന്ധനങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന തിരിച്ചറിവിൽ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനാണ് സർക്കാർ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. പിഎൻജി എന്നത് എൽപിജിക്ക് ഒരു പൂർണ്ണമായ ബദലല്ലെങ്കിലും എൽപിജിയുടെ ക്ഷാമത്തെ താൽക്കാലികമായെങ്കിലും തടയാൻ ഈ വിപുലീകരണം വഴി സാധിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.