സ്വന്തം അഭിപ്രായമുള്ള ഫെമിനിസ്റ്റ് യുവതി, 30+ വയസ്സ്, മുതലാളിത്തത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. ബിസിനസ്സും 20 ഏക്കര്‍ സ്ഥലവും പാചകവും അറിയുന്ന 25-28 വയസ്സുള്ള ഏക മകനായ സുന്ദരനായ യുവാക്കളില്‍ നിന്ന് വിവാഹാലോചനകള്‍ തേടുന്നു.. പ്രമുഖ ദേശീയ ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ട വിവാഹപ്പരസ്യം മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. ബോളിവുഡ് താരങ്ങളടക്കം പരസ്യം ട്വിറ്ററില്‍ പങ്കുവെച്ചു, അഭിപ്രായം രേഖപ്പെടുത്തി. ചിലര്‍ പിന്തുണച്ചു. ചിലര്‍ മോശം അഭിപ്രായം രേഖപ്പെടുത്തി. 

To advertise here,

ആരാണ് ഇതിന് പിന്നിലുള്ള യുവതി, ഈ പരസ്യം വിശ്വസനീയമാണോ.. ചര്‍ച്ചകള്‍ പലതും ഉയര്‍ന്നുവന്നു. എന്നാല്‍ പരസ്യത്തില്‍ പറയുന്ന ആ ഫെമിനിസ്റ്റ് ആരാണെന്ന് മാത്രം കണ്ടെത്താനായില്ല. ഇപ്പോഴിതാ പരസ്യത്തിന് പിന്നിലെ രഹസ്യത്തെ കണ്ടെത്തിയിരിക്കുകയാണ് ബിബിസി ഇന്ത്യ. പരസ്യത്തിനൊപ്പം നല്‍കിയ ഇമെയില്‍ ഐഡി ഉപയോഗിച്ചാണ് ബിബിസി സ്വന്തം അഭിപ്രായമുള്ള ആ 'ഫെമിനിസ്റ്റ്' യുവതിയെ കണ്ടെത്തിയിരിക്കുന്നത്. സാക്ഷി എന്നാണ് യുവതിയുടെ പേര്, സാക്ഷിയും സഹോദരന്‍ ശ്രിജനും ഉറ്റസുഹൃത്ത് ദമയന്തിയുമാണ് ഈ പരസ്യത്തിന് പിന്നിലെ ആള്‍ക്കാര്‍. 

സോഷ്യല്‍ മീഡിയ ട്രോളാക്രമണസാധ്യത കണക്കിലെടുത്ത് സ്വന്തം പേരുകളല്ല മൂവരും പറഞ്ഞത്. ഇനി വിവാഹപ്പരസ്യം ആവട്ടെ, സാക്ഷിയുടെ മുപ്പതാം ജന്മദിനത്തിന് സഹോദരനും സുഹൃത്തും ചേര്‍ന്ന് നല്‍കിയ തമാശയാണ് വിവാഹപ്പരസ്യമെന്നും മൂവരും വെളിപ്പെടുത്തി. 

വിവാഹത്തെക്കുറിച്ചുള്ള ഞങ്ങളുടെ സമൂഹത്തിലെ എല്ലാ സങ്കല്‍പങ്ങളുടേയും ഇടയ്ക്ക് '30 വയസ്സ് തികയുന്നത് ഒരു നാഴികക്കല്ലാണ്. 30 വയസ്സ് പൂര്‍ത്തിയാവുമ്പോഴേക്കും വിവാഹം ചെയ്യാനും കുടുംബമാവാനുമുള്ള സമ്മര്‍ദ്ദം നിങ്ങളുടെ മേലേവരും. അതിനിടയിലാണ് ഈ ആവശ്യങ്ങളുന്നയിച്ച് വിവാഹപരസ്യം നല്‍കിയതെന്ന് സാക്ഷി പറഞ്ഞു. 

വടക്കേ ഇന്ത്യയിലെ പന്ത്രണ്ടോളം പ്രദേശങ്ങളില്‍ ഈ പരസ്യം ദിനപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഏതാണ്ട് 13000 രൂപയാണ് പരസ്യത്തിനായി ചെലവഴിച്ചത്. കോവിഡ് ഇല്ലായിരുന്നെങ്കില്‍ ജന്മദിനാഘോഷങ്ങള്‍ക്ക് ചെലവഴിക്കുന്ന തുകയാണ് ഇത്തരത്തില്‍ പരസ്യത്തിനായി നല്‍കിയതെന്നും സാക്ഷി പറഞ്ഞു. 

വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ പരസ്യത്തിന് വേണ്ടിയാണ് curbyourpatriarchy@gmail.com എന്ന പേരില്‍ ഇമെയില്‍ ഉണ്ടാക്കിയത്. പരസ്യത്തിന് പ്രതികരണവുമായി നൂറോളം ഇമെയിലുകള്‍ ഇതുവരെ ലഭിച്ചു. സമ്മിശ്രപ്രതികരണമാണ് ആളുകള്‍ നല്‍കുന്നത്. ചിലര്‍ പരിഹസിച്ചു, ചിലര്‍ വിമര്‍ശിച്ചു, നിരവധി പേര്‍ അനുകൂലിച്ചും പ്രതികരണമയച്ചതായി സാക്ഷി പറഞ്ഞു. 

ഇന്ത്യയില്‍ ഫെമിനിസം എന്നാല്‍ എപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. പുരുഷന്മാരെ വെറുക്കുന്നതാണ് ഫെമിനിസം എന്നാണ് പലരുടേയും ധാരണ, അത്തരം ആളുകളെ തങ്ങളുടെ പരസ്യം പ്രകോപിപ്പിച്ചുവെന്നും പലരും ആ രീതിയില്‍ തന്നെ മോശമായി പ്രതികരിച്ചിട്ടുണ്ടെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു. 

മുതലാളിത്തത്തിനെതിരെ പ്രവര്‍ത്തിക്കുകയും സമ്പന്നനായ യുവാക്കളെ വിവാഹത്തിനായി വേണമെന്നും പറയുന്നു, തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാക്കളെ ഭര്‍ത്താവായി വേണമെന്ന് പറയുന്നു.. ഇതെല്ലാം കണ്ട് പരസ്യം നല്‍കിയ യുവതി കാപട്യക്കാരിയാണെന്ന് വരെ ചിലര്‍ പറയുന്നുണ്ട്. സമൂഹത്തിലെ പലതരം ധരണകള്‍ക്കും, അഹംഭാവങ്ങള്‍ക്കും തക്കതായ അടി നല്‍കാന്‍ തങ്ങളുടെ ഈ തമാശയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഇവര്‍ കരുതുന്നത്.