മുംബൈ: രൂപയെ അന്താരാഷ്ട്രവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ രൂപയില്‍ വായ്പ അനുവദിക്കുന്നതിനു നീക്കവുമായി റിസര്‍വ് ബാങ്ക്. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അതതു രാജ്യങ്ങളിലെ ശാഖകള്‍ വഴി അവിടത്തെ ഉപഭോക്താക്കള്‍ക്ക് രൂപയില്‍ വായ്പ അനുവദിക്കുന്നതിന് ആര്‍ബിഐ കേന്ദ്രത്തിന്റെ അനുമതിതേടി. 

To advertise here,

ആദ്യമായാണ് വിദേശത്ത് ഇന്ത്യന്‍ രൂപയില്‍ വായ്പ ലഭ്യമാക്കുന്നതിന് ആലോചന നടക്കുന്നത്. വ്യാപാരത്തിനായി രൂപയുടെ സ്വീകാര്യതയും ഉപയോഗവും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റിസര്‍വ് ബാങ്ക് കഴിഞ്ഞമാസം ഇതിനുള്ള ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയത്തിനു കൈമാറിയതായാണ് അറിയുന്നത്. 

ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ രൂപയില്‍ വായ്പ അനുവദിക്കുന്നത് പരിഗണിക്കാനാണ് ശുപാര്‍ശ. ഇതു സാധ്യമായാല്‍ അതിര്‍ത്തി കടന്ന് രൂപയിലുള്ള ഇടപാടുകള്‍ ഉയരും. വിജയകരമായാല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കാനുള്ള സാധ്യതകളും ശക്തമാണ്. വ്യാപാര ആവശ്യങ്ങള്‍ക്കായാകും രൂപയില്‍ വായ്പ അനുവദിക്കുക. വിദേശത്ത് രൂപയില്‍ വായ്പ ലഭ്യമാക്കുന്നത് രൂപയില്‍ വ്യാപാര ഇടപാടുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും വിദേശ കറന്‍സികളുടെ ഉപയോഗം പരിമിതപ്പെടുത്താനും ഉപകരിക്കും. 

ദക്ഷിണേഷ്യയില്‍ ഇന്ത്യയുമായി വ്യാപാരത്തില്‍ മുന്നിലുള്ള നാലു രാജ്യങ്ങളാണ് പരിഗണനയിലുള്ളത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ ദക്ഷിണേഷ്യന്‍ വ്യാപാര ഇടപാടുകളില്‍ 90 ശതമാനവും ഈ നാലു രാജ്യങ്ങളുമായാണ്. വിദേശത്ത് രൂപയുടെ സ്വീകാര്യത ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് രൂപയില്‍ അക്കൗണ്ട് തുറക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയിരുന്നു.