ന്യൂഡൽഹി: ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ ഓഫീസിന് ചുറ്റും അതിർത്തി ലംഘിച്ച് നിർമിച്ച കെട്ടിടഭാഗങ്ങളും സുരക്ഷാ ബാരിക്കേഡുകളും ഇന്ത്യൻ അധികൃതർ പൊളിച്ചുനീക്കി. ഹൈക്കമ്മീഷന് അനുവദിച്ചിട്ടുള്ള അതിർത്തിക്ക് പുറത്തേക്ക് കടന്ന് പണികഴിപ്പിച്ചിരുന്ന താൽക്കാലിക നിർമിതികളാണ് വ്യാഴാഴ്ച ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്.

To advertise here,

ഹൈക്കമ്മീഷനിലെ വിസ വിഭാഗത്തിന് സമീപമുള്ള ക്യൂ നിയന്ത്രണ സംവിധാനങ്ങളും ഇതോടൊപ്പം നീക്കംചെയ്തിട്ടുണ്ട്. കൂടാതെ, കോമ്പൗണ്ടിന് ചുറ്റുമുണ്ടായിരുന്ന ട്രാഫിക് ബൊള്ളാർഡുകളും ബാഹ്യ സുരക്ഷാ വലയവും നീക്കംചെയ്തു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ബാരിക്കേഡുകൾ പാകിസ്താൻ അധികൃതർ മൂന്ന് ദിവസങ്ങൾക്ക് മുൻപ് നീക്കംചെയ്തതിനുപിന്നാലെയാണ് ഈ നടപടി.

പൊളിച്ചുനീക്കലിൻ്റെ ഭാഗമായി സർവീസ് കൗണ്ടറുകൾക്ക് ചുറ്റും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും പാകിസ്താന്റെ ഔദ്യോഗിക മുദ്രയുള്ള പ്രധാന കവാടത്തിനും മതിലുകൾക്കും മറ്റ് താഴികക്കുടങ്ങൾക്കും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. കോമ്പൗണ്ടിന്റെ അതിർത്തിയിലുള്ള കമ്പിവേലികളും മാറ്റിയിട്ടില്ല.

അടുത്തിടെ കശ്മീർ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ നയതന്ത്ര അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന് ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോർ നടത്തിയ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെ യു.എസ് ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചിരുന്നു.