
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ സവാൽകോട്ടിൽ വമ്പൻ ജലവൈദ്യുത പദ്ധതി ആരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിൽ വിരണ്ട് പാകിസ്താൻ. ജലവൈദ്യുത പദ്ധതി ഔദ്യോഗികമായി ആരംഭിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കം പാകിസ്താനിൽ വലിയ അലയൊലികളാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 1960-ലെ സിന്ധു നദീജല കരാർ, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഈ നടപടിക്ക് ശേഷമുള്ള ആദ്യത്തെ പ്രധാന തന്ത്രപ്രധാനമായ നിർമ്മാണ പ്രവർത്തനമാണിത്.
ഏകദേശം 5,129 കോടി രൂപ ചിലവിൽ നാഷണൽ ഹൈഡ്രൊഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 1,856 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ഈ പദ്ധതി ജമ്മു കശ്മീരിലെ ഉധംപൂർ, രാംബാൻ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്. 192.5 മീറ്റർ ഉയരമുള്ള കൂറ്റൻ അണക്കെട്ടും എട്ട് യൂണിറ്റുകളുള്ള ഭൂഗർഭ പവർ ഹൗസുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ.
ഇന്ത്യയുടെ ഈ നീക്കം പാകിസ്താൻ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യ തങ്ങളെ വെള്ളം തരാതെ നശിപ്പിക്കാൻ ശ്രമിക്കുകയാണ് എന്നാണ് പാക് മാധ്യമങ്ങൾ ആരോപിക്കുന്നത്. ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധമെന്നും ജല ഭീകരവാദമെന്നുമൊക്കെയാണ് സവാൽകോട്ട് ജലവൈദ്യുത പദ്ധതിയെ അവർ വിശേഷിപ്പിക്കുന്നത്.
അതേസമയം സവാൽകോട്ട് ഒരു 'റൺ-ഓഫ്-ദ-റിവർ' പദ്ധതിയാണെന്നും, നദിയിലെ വെള്ളം വഴിതിരിച്ചുവിടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം രാജ്യത്തിനുള്ളിലെ വികസന പദ്ധതികൾ ഇന്ത്യയുടെ പരമാധികാരവും അവകാശവുമാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപണങ്ങളോട് പ്രതികരിച്ചു.
ചെനാബ് നദീതടത്തിൽ പാകൽ ദുൽ, കിരു, രത്ലെ എന്നീ അണക്കെട്ടുകൾക്കൊപ്പം സവാൽകോട്ട് കൂടി വരുന്നതോടെ മേഖലയിലെ ജലവിഭവത്തിന്മേൽ ഇന്ത്യയ്ക്ക് കൂടുതൽ നിയന്ത്രണം ലഭിക്കും. വിഷയത്തിൽ വിശദമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാൽ സിന്ധുനദീജല കരാർ മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ കാര്യമായ പ്രതികരണമോ, മറുപടിയോ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അണക്കെട്ട് നിർമാണത്തിനായി ഇന്ത്യ ടെൻഡർ വിളിച്ചതോടെ ഇന്ത്യ വെറുതെ പ്രകോപിപ്പിക്കുകയാണെന്ന് കരുതിയ പാകിസ്താൻ ഇപ്പോൾ ആശങ്കയിലായിട്ടുണ്ട്.
1984ൽ ആദ്യമായി വിഭാവനം ചെയ്ത ഈ പദ്ധതിക്ക് സിന്ധു നദി ജലകരാറിലെ കർശനമായ വ്യവസ്ഥകളും പാകിസ്താന്റെ ആവർത്തിച്ചുള്ള എതിർപ്പുകളും കാരണം ദീർഘകാലം അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദി ജലകരാർ മരവിപ്പിക്കാൻ തീരുമാനിച്ചതോടെ സവാൽകോട്ട് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അപ്രതീക്ഷിതമായ വേഗത കൈവന്നു
പാകിസ്താന്റെ ജീവനാഡിയാണ് ചെനാബ് നദി. പാകിസ്താന്റെ കൃഷിഭൂമിയുടെ 90 ശതമാനവും സിന്ധു നദീതടത്തിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ ചെനാബ് നദിയിൽ പടുത്തുയർത്തുന്ന അണക്കെട്ടുകളുടെ പരമ്പര പാകിസ്താനിലെ കാർഷിക മേഖലയ്ക്ക് വലിയ ഭീഷണിയാണെന്ന് അവർ കരുതുന്നു. ബാഗ്ലിഹാർ, സവാൽകോട്ട്, സലാൽ എന്നീ അണക്കെട്ടുകൾ ഒരേ നദിയിൽ വരുന്നതോടെ, ജലം തടഞ്ഞുവെക്കാനും ആവശ്യമുള്ളപ്പോൾ വിട്ടുനൽകാനും ഇന്ത്യക്ക് വലിയ ശേഷി കൈവരുന്നുവെന്നതാണ് പാകിസ്താനെ ആശങ്കയിലാക്കുന്നത്.
പാകിസ്താനിലെ മരാല ഹെഡ്വർക്സിലേക്കുള്ള (Marala Headworks) ജലപ്രവാഹത്തിൽ ഇതിനോടകം തന്നെ 90 ശതമാനത്തോളം കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് പഞ്ചാബ് പ്രവിശ്യയിലെ നെല്ല്, പരുത്തി കൃഷികളെ സാരമായി ബാധിക്കും. പാകിസ്താന്റെ ഭീകരവാദത്തോടുള്ള സമീപനം മാറുന്നതുവരെ ഇന്ത്യ സിന്ധുനദിയിന്മേലുള്ള ഈ സമ്മർദ്ദം തുടരുമെന്നാണ് സൂചനകൾ.
സവാൽകോട്ട് പദ്ധതി പൂർത്തിയാകുമ്പോൾ ജമ്മു കശ്മീരിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി ഇത് മാറും. ശൈത്യകാലത്ത് ജമ്മു കശ്മീർ അനുഭവിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ഇത് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി നൽകുന്നതോടൊപ്പം അധികമായി വരുന്ന വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് നൽകാനും സാധിക്കും. എങ്കിലും പദ്ധതി പാരിസ്ഥികമായി ദുർബലമായ പ്രദേശത്താണ് എന്ന ആരോപണങ്ങളുയരുന്നുണ്ട്.
Content Highlights: India`s ambitious Chenab River hydropower project in Jammu & Kashmir sparks strong reactions in Pakistan. Learn about the project and its implications.
Published: 14 Feb 2026, 10:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented