
ന്യൂഡൽഹി: അഞ്ച് വിഷയങ്ങളിൽ പൊതുതീരുമാനമെടുത്ത് ഇന്ത്യാ മുന്നണിയുടെ യോഗം അവസാനിച്ചു. നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുക, എസ്‌ഐആറിൽ ചീഫ് ജസ്റ്റിസിന് കത്തയയ്ക്കുക തുടങ്ങിയ തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. 25 പാർട്ടികൾ ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുത്തതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
'വോട്ട് കവർച്ച, തിരഞ്ഞെടുപ്പ് അട്ടിമറി എന്നിവ സംബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകാൻ തീരുമാനമായി. ഉടൻതന്നെ ചീഫ് ജസ്റ്റിസിന് കത്ത് കൈമാറും. രണ്ടാമതായി, ലക്ഷക്കണക്കിന് യുവാക്കൾ പരീക്ഷ എഴുതിയ നീറ്റ്, സിബിഎസ്ഇ പരീക്ഷകളുടെ വിശ്വാസ്യതയെ തകർത്ത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉടനടി ആവശ്യപ്പെടാൻ ഏകകണ്ഠമായി തീരുമാനമായി', ഖാർഗെ പറഞ്ഞു.
നിലവിലെ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്‌നങ്ങൾ, അതിക്രമങ്ങൾ, മറ്റ് ജനകീയ വിഷയങ്ങൾ എന്നിവ ചർച്ചചെയ്യാൻ കേന്ദ്ര സർക്കാർ ഉടൻതന്നെ സർവ്വകക്ഷി യോഗം വിളിക്കണം. രണ്ടു മാസത്തിലൊരിക്കൽ ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേരാനും തീരുമാനിച്ചു. അടുത്ത യോഗം ഹൈദരാബാദിൽവെച്ച് നടത്തും.
പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ദിവസവും രാവിലെ നടക്കുന്ന യോഗങ്ങളോടുകൂടി മൺസൂൺ സമ്മേളനത്തിലും പാർലമെന്ററി ഏകോപനം തുടരാനും തീരുമാനിച്ചിട്ടുണ്ട്.
രണ്ട് മാസത്തിലൊരിക്കൽ ഇന്ത്യ സഖ്യം യോഗംചേർന്ന് ദേശീയ രാഷ്ട്രീയം വിലയിരുത്താനും തന്ത്രങ്ങൾ ഏകോപിപ്പിക്കാനും തീരുമാനിച്ചതായി ഖാർഗെ പറഞ്ഞു. ഓഗസ്റ്റ് എട്ടിനാണ് അടുത്ത യോഗം ചേരുക. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയടക്കമുള്ളവർ യോഗത്തിനെത്തിയിരുന്നു. ഉദ്ധവ് താക്കറെയും ഹേമന്ത് സോറനും യോഗത്തിൽ വെർച്വലായി പങ്കെടുത്ത് കാഴ്ചപ്പാടുകൾ പങ്കുവെച്ചതായി ഖാർഗെ പറഞ്ഞു.
Published: 08 Jun 2026, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented